വീട്ടുകാരെ മയക്കി മോഷണം നടത്തിയ കേസിലെ പ്രതി പൊലീസ് കസ്റ്റഡിയില് മരിച്ചു
|കോടതിയിൽ ഹാജരാക്കിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു
തിരുവനന്തപുരം: തിരുവനന്തപുരത്ത് മോഷണക്കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ മരിച്ചു. വർക്കലയിൽ വീട്ടുകാരെ മയക്കി മോഷണം നടത്തിയ കേസിലെ പ്രതിയായ നേപ്പാൾ സ്വദേശി രാംകുമാറാണ് മരിച്ചത്. അയിരൂർ പൊലീസ് കോടതിയിൽ ഹാജരാക്കിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെ വർക്കല കോടതിയിൽ ഹാജരാക്കുമ്പോഴായിരുന്നു രാംകുമാർ കുഴഞ്ഞുവീണത്. ഉടൻതന്നെ വർക്കല താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മോഷണം കഴിഞ്ഞയുടൻ രക്ഷപ്പെടാൻ ശ്രമിച്ച രാംകുമാറിനെ വീടിനോട് ചേർന്നുള്ള കമ്പിവേലിയിൽ കുരുങ്ങി അവശനായ നിലയിൽ നാട്ടുകാരാണ് അയിരൂർ പൊലീസിന് കൈമാറിയത്. വൈദ്യപരിശോധനയടക്കം നടത്തിയിരുന്നെങ്കിലും കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും കണ്ടെത്തിയിരുന്നില്ലെന്നാണ് വിവരം.
ചൊവ്വാഴ്ച രാത്രി തിരുവനന്തപുരം വർക്കലയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വർക്കല ഹരിഹരപുരം സ്വദേശിനി ശ്രീദേവിയുടെ വീട്ടിലാണ് മോഷണം നടന്നത്. നേപ്പാൾ സ്വദേശിനിയായ വീട്ടുജോലിക്കാരി ഭക്ഷണത്തിൽ ലഹരി കലർത്തി നൽകി വീട്ടുകാരെ മയക്കിക്കിടത്തിയാണ് മോഷണത്തിന് സഹായിച്ചത്. തുടർന്ന് മോഷണ വിവരമറിഞ്ഞ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് നേപ്പാൾ സ്വദേശികളായ രാംകുമാർ, ജനക് ഷാ എന്നിവരെ പിടികൂടിയത്. ചൊവ്വാഴ്ച രാത്രി തന്നെ രാംകുമാറിനെയും സമീപത്തെ പറമ്പിൽ ഒളിച്ചിരുന്ന ജനക് ഷായെ ഇന്നലെ രാവിലെയും പിടികൂടി. സംഘത്തിൽ രണ്ട് പേർ കൂടി ഉണ്ടായിരുന്നതായാണ് വിവരം. ഇതിനിടെ സംഘം സഞ്ചരിച്ച വാഹനത്തിൻെറ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മോഷണ സ്ഥലത്തേക്ക് എത്താനും തിരിച്ചുപോകാനും മോഷ്ടാക്കൾ സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവറെയാണ് കസ്റ്റഡിയിലെടുത്തതും തുടർന്ന് വിട്ടയച്ചതും.