തൃശുർ എടിഎം കവർച്ച: പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
|ഇവരെ ഇന്ന് തന്നെ നാമക്കൽ ജയിലിലേക്ക് കൊണ്ടുപോകും
തൃശൂർ: തൃശുർ എടിഎം കവർച്ചാ കേസിലെ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇവരെ ഇന്ന് തന്നെ നാമക്കൽ ജയിലിലേക്ക് കൊണ്ടുപോകും. നാളെ വിയ്യൂർ പൊലീസ് തൃശൂർ ജെഎഫ്എം 1ൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കും.
കേസിലെ മുഴുവൻ പ്രതികളെയും കവർച്ച നടന്ന എടിഎം സെന്ററിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഷൊർണൂർ റോഡിലെ എസ്ബിഐ എടിഎമ്മിൽ എത്തിച്ചാണ് തെളിവെടുത്തത്. മോഷണത്തിൽ നേരിട്ട് പങ്കെടുത്ത നാലു പ്രതികളെയാണ് സ്ഥലത്തെത്തിച്ചത്. പ്രതികൾ മോഷണത്തിനായി ഉപയോഗിച്ച ഗ്യാസ് കട്ടർ ഉൾപ്പെടെയുള്ള ആയുധങ്ങൾ വിയ്യൂർ താണിക്കുടം പുഴയിൽ നിന്നും കണ്ടെടുത്തിരുന്നു.
തമിഴ്നാട്ടിലെ നാമക്കല്ലിൽ നിന്നാണ് കവർച്ചസംഘത്തെ പിടികൂടിയത്. മൂന്ന് എടിഎമ്മുകളിൽ നിന്നായി 65ലക്ഷം രൂപയാണ് സംഘം കവർന്നത്. കണ്ടെയിനറിനകത്തു കാർ കയറ്റിയാണ് കവർച്ചാസംഘം രക്ഷപ്പെടാൻ ശ്രമിച്ചത്. രണ്ടു മൂന്നു ബൈക്കുകളെ ഇടിച്ചിട്ടു വണ്ടി നിർത്താതെ പോയ വാഹനത്തെ പിന്നീട് നാട്ടുകാരാണ് തടഞ്ഞുനിർത്തിയത്.
ഇതിന് പിന്നാലെ തമിഴ്നാട് പൊലീസ് സംഭവസ്ഥലത്തെത്തി. ആറ് പ്രതികളാണ് കണ്ടെയിനർ ലോറിക്കകത്ത് ഉണ്ടായിരുന്നത്. ഇവർ പൊലീസിനും നാട്ടുകാർക്കും നേരെ വെടിയുതിർക്കുന്ന സാഹചര്യവുമുണ്ടായി. ഈ വെടിവെപ്പിൽ പ്രതികളിലൊരാൾ മരിച്ചു.