വടകര താലൂക്ക് ഓഫീസ് തീവെപ്പ്: പ്രതി നാരായണ സതീഷിനെ വെറുതെ വിട്ടു
|മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച സാഹചര്യത്തിൽ സതീഷ് നാരായണനെ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു
കോഴിക്കോട്: വടകര താലൂക്ക് ഓഫീസ് തീവെപ്പ് കേസിലെ പ്രതിയെ വെറുതെ വിട്ടു. ഹൈദരബാദ് സ്വദേശി നാരായണ സതീഷിനെയാണ് വടകര അസിസ്റ്റന്റ് സെഷൻസ് കോടതി വെറുതെ വിട്ടത്. അന്വേഷണ സംഘത്തിന് കൃത്യമായ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിധി. സിസിടിവി ദൃശ്യങ്ങളിൽ ആളെ വ്യക്തമല്ലെന്നും കോടതി പറഞ്ഞു. തണുപ്പിൽനിന്ന് രക്ഷനേടാൻ താലൂക്ക് ഓഫീസ് വരാന്തയിൽ പ്രതി തീയിട്ടപ്പോൾ അത് പടർന്നുപിടിച്ചെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. താലൂക്ക് ഓഫീസ് തീവെപ്പിന് പുറമേ മറ്റു മൂന്നു കേസുകളിലും സതീഷിനെ പ്രതിചേർത്തിരുന്നു. വടകര ഡിയു ഓഫീസ്, എൽഎൻഎസ് ഓഫീസ്, എടോടിയിലെ സ്വകാര്യ കെട്ടിടം എന്നിവിടങ്ങളിൽ തീയിട്ട കേസിലും പ്രതിയായ സതീഷിനെ വെറുതെവിട്ടു. പ്രതിക്ക് മേൽ കുറ്റം കെട്ടിവെക്കുകയായിരുന്നുവെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു.
നാരായണ സതീഷിനെ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. കേസിൽ റിമാൻഡിലായ ശേഷം നാരായണ സതീഷ് ജയിലിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച സാഹചര്യത്തിൽ ഡോക്ടറുടെ നിർദേശ പ്രകാരമായിരുന്നു നടപടി. കോഴിക്കോട് മെഡിക്കൽ കോളജിലെ മാനസികാരോഗ്യ വിദഗ്ധന്റെ നിർദേശപ്രകാരമാണ് കുതിരവട്ടത്തേക്ക് മാറ്റിയത്.
സതീഷിന്റെ മാതാപിതാക്കളുമായി വടകര പൊലീസ് സംസാരിച്ചിരുന്നു. സതീഷ് വർഷങ്ങൾക്ക് മുമ്പെ മാനിസാകാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ചികിത്സ നടത്തുകയും ചെയ്തിരുന്നതായി രക്ഷിതാക്കൾ പൊലീസിനെ അറിയിച്ചു. 2021 ഡിസംബർ പതിനേഴിനാണ് വടകര താലൂക്ക് ഓഫീസിന് തീപിടിച്ചത്. പതിനേഴിലെ തീപിടിത്തതിന് മുമ്പ് നടന്ന ചെറിയ തീപിടിത്തം നടന്ന ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് സതീഷിലേക്ക് പൊലീസെത്തിയത്. കേസിൽ അറസ്റ്റിലായതും സതീഷ് മാത്രമായിരുന്നു.