Kerala
മുശാവറ അംഗങ്ങളെ അപമാനിച്ചെന്ന് ആരോപണം; പി.എസ്.എച്ച് തങ്ങൾക്ക് സമസ്‌തയുടെ നോട്ടീസ്
Kerala

മുശാവറ അംഗങ്ങളെ അപമാനിച്ചെന്ന് ആരോപണം; പി.എസ്.എച്ച് തങ്ങൾക്ക് സമസ്‌തയുടെ നോട്ടീസ്

Web Desk
|
15 Nov 2022 6:17 PM GMT

ഒരാഴ്ചക്കകം വിശദീകരണം നൽകണമെന്നാണ് ആവശ്യം

കോഴിക്കോട്: സമസ്‌ത പ്രവാസി സെൽ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്.എച്ച് തങ്ങൾക്ക് സംഘടന കാരണം കാണിക്കൽ നോട്ടീസ് നൽകി. സമസ്‌തയെയും കേന്ദ്ര മുശാവറ അംഗങ്ങളെയും അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയെന്ന് ആരോപിച്ചാണ് നോട്ടീസ്.

സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയെയും കേന്ദ്ര മുശാവറ അംഗങ്ങളെയും അപകീർത്തിപ്പെടുത്തുന്ന വിധം സമൂഹ മാധ്യമത്തിലൂടെ പരാമർശം നടത്തിയെന്നാണ് പി.എസ്.എച്ച് തങ്ങൾക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണം. നടപടിയെടുക്കാതിരിക്കാൻ എന്തെങ്കിലും കാരണം ബോധിപ്പിക്കാനുണ്ടെങ്കിൽ ഒരാഴ്ചക്കകം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമസ്‌ത പ്രവാസി സെൽ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് പി.കെ ഹംസക്കുട്ടി മുസ്ലിയാരും ജനറൽ സെക്രട്ടറി ഇസ്മായിൽ കുഞ്ഞ് ഹാജിയും നോട്ടീസ് അയച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ പി.എസ്.എച്ച് തങ്ങളുടെ പേരിൽ ഒരു ഓഡിയോ സന്ദേശം പ്രചരിച്ചിരുന്നു. വാട്സ്ആപ്പ് ഗ്രൂപ്പുകളിലടക്കം ഈ സന്ദേശം വ്യാപകമായി പ്രചരിക്കുകയും ചെയ്‌തു. സമസ്‌തയിലെ ലീഗ് വിരുദ്ധരാണ് ചില പ്രശ്നങ്ങൾക്ക് കാരണം എന്നതടക്കുമുള്ള കാര്യങ്ങളായിരുന്നു ഓഡിയോ സന്ദേശത്തിലുണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സമസ്‌ത പ്രവാസി സെല്ലിന്റെ നടപടി.

Similar Posts