Kerala
Accused Ruwais submitted bail application in dr shahana death case
Kerala

ജാമ്യാപേക്ഷയുമായി പ്രതി റുവൈസ്; പിതാവിനെ ഉടൻ കസ്റ്റഡിയിലെടുക്കും

Web Desk
|
9 Dec 2023 2:34 AM GMT

ജാമ്യം കൊടുത്താൽ കേസിന്റെ തുടരന്വേഷണത്തെ ബാധിക്കുമെന്നടക്കം പൊലീസ് കോടതിയെ അറിയിക്കും.

തിരുവനന്തപുരം: തിരുവനന്തപുരത്തെ യുവ ഡോക്ടർ ഷഹനയുടെ മരണത്തിൽ റിമാൻഡിലായ പ്രതി റുവൈസ് ജാമ്യാപേക്ഷ സമർപ്പിച്ചു. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് റുവൈസ് ജാമ്യാപേക്ഷ നൽകിയത്.‌ ഇത് തിങ്കളാഴ്ച പരിഗണിക്കും.

എന്നാൽ, റുവൈസിനെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് ആ ദിവസം തന്നെ പൊലീസ് അപേക്ഷ സമർപ്പിക്കും. ജാമ്യം കൊടുത്താൽ കേസിന്റെ തുടരന്വേഷണത്തെ ബാധിക്കുമെന്നടക്കം പൊലീസ് കോടതിയെ അറിയിക്കും. കസ്റ്റഡിയിൽ വാങ്ങിയ ശേഷം തെളിവെടുപ്പ് അടക്കം നടത്തി വിശദമായ അന്വേഷണത്തിലേക്ക് നീങ്ങാനാണ് പൊലീസ് തീരുമാനം.

അതേസമയം, ഷഹനയുടെ മരണത്തിൽ പ്രതി ചേർത്ത റുവൈസിന്റെ പിതാവിനെ ഉടൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസ് നീക്കം. തിരുവനന്തപുരം മെഡിക്കൽ കോളജ് പോലീസാണ് ഇയാളെ പ്രതിചേർത്തത്. ഐപിസി 306 (ആത്മഹത്യാ പ്രേരണ), 34 എന്നീ വകുപ്പുകളും സ്ത്രീധന നിരോധന നിയമപ്രകാരവുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

സംഭവത്തിൽ ഡോ. റുവൈസിന്റെ അറസ്റ്റിനു പിന്നാലെ പിതാവ് ഒളിവിൽ പോയിരുന്നു. പൊലീസ് ചോദ്യം ചെയ്യാനെത്തിയപ്പോഴാണ് വീട് ഒഴിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇതേ തുടർന്നാണ് മെഡി. കോളജ് പൊലീസ് പ്രതി ചേർത്തത്. സ്ത്രീധനം കൂടുതൽ വാങ്ങാൻ റുവൈസിനെ പ്രേരിപ്പിച്ചത് പിതാവാണെന്ന് ഷഹനയുടെ ബന്ധുക്കൾ മൊഴി നൽകിയിരുന്നു.

സ്ത്രീധന പീഡനം ആത്മഹത്യയിലേക്ക് നയിച്ചു എന്ന പരാതിയിലാണ് കേസെടുത്തിട്ടുള്ളത്. പ്രതിയുടെ അടുത്ത ബന്ധുക്കളും ഒളിവിൽ തുടരുകയാണ്. കേസിൽ റുവൈസിന്റെയും ഷഹനയുടെയും സുഹൃത്തുക്കളുടെ മൊഴിയും രേഖപ്പെടുത്താനാണ് പൊലീസിന്റെ തീരുമാനം.




Similar Posts