കൊല്ലത്ത് പൊലീസിന് നേരെ വടിവാൾ വീശി രക്ഷപ്പെട്ട പ്രതികൾ പിടിയിൽ
|കുണ്ടറയിലെ കുപ്രസിദ്ധ ഗുണ്ടയായ ഷൈജുവിന്റെ വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്.
കൊല്ലം: കുണ്ടറയിൽ പൊലീസിന് നേരെ വടിവാൾ വീശി രക്ഷപ്പെട്ട പ്രതികൾ പിടിയിൽ. പ്രധാന പ്രതി ആന്റണി ദാസ്, ലിയോ എന്നിവരാണ് പിടിയിലായത്. കുണ്ടറ പാവട്ടംമൂലയിലെ കുപ്രസിദ്ധ ഗുണ്ടയായ ഷൈജുവിന്റെ വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്.
ഇവിടെ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു പ്രതികൾ. പിടികൂടുന്നതിനിടയിലും ഇവർ പൊലീസിനെ ആക്രമിച്ചു. തടിക്കഷണം ഉപയോഗിച്ച് പൊലീസിനെ അടിച്ച പ്രതികൾ ചവിട്ടിവീഴ്ത്തി രക്ഷപെടാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ വലിയ പൊലീസ് സന്നാഹം ഉണ്ടായിരുന്നതിനാൽ പ്രതികളെ കീഴ്പ്പെടുത്തുകയായിരുന്നു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഷൈജുവിനേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സീനിയർ സി.പി.ഒ ഡാർവിൻ, സി.പി.ഒ രാജേഷ് എന്നിവർക്കാണ് ഇന്നത്തെ ആക്രമണത്തിൽ പരിക്കേറ്റത്.
കഴിഞ്ഞദിവസം പുലർച്ചെ കുണ്ടറ പൊലീസ് സ്റ്റേഷന് പരിധിയിലെ പടപ്പക്കരയിലായിരുന്നു സംഭവം. അടൂര്‍ റസ്റ്റ് ഹൗസ് മര്‍ദനക്കേസ് പ്രതികളെ പിടികൂടാന്‍ എത്തിയ പൊലീസിന് നേരെയാണ് പ്രതികള്‍ ആക്രമണം അഴിച്ചുവിട്ടത്. വടിവാള്‍ വീശിയതിനു പിന്നാലെ പൊലീസ് വെടിയുതിർക്കുകയും ചെയ്തിരുന്നു.
നാല് റൗണ്ട് ആകാശത്തേക്കാണ് പൊലീസ് വെടിവച്ചത്. മൂന്നു പ്രതികളാണ് പൊലീസിനെ ആക്രമിച്ചത്. ആക്രമിച്ച ഗുണ്ടകളില്‍ ഒരാളെ പിടികൂടാനായെങ്കിലും മറ്റു രണ്ടു പേർ കായലിൽ ചാടി രക്ഷപ്പെടുകയായിരുന്നു.
അടൂര്‍ റസ്റ്റ് ഹൗസ് മര്‍ദനക്കേസിലെ പ്രതികളായ ആന്റണിയും ലിജോയും കുണ്ടറയിലെ ഒളിത്താവളത്തിലുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കാക്കനാട് ഇന്‍ഫോ പാര്‍ക്ക് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇവിടെയെത്തിയത്.
പ്രതികള്‍ ഒളിവില്‍ താമസിച്ചിരുന്ന വീടുവളഞ്ഞ് പിടികൂടാന്‍ പൊലീസ് ശ്രമിക്കുന്നതിനിടെ ഇവര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പിന്നാലെ ഓടിയപ്പോള്‍ പ്രതികള്‍ വടിവാള്‍ വീശുകയായിരുന്നു.