'വീണയ്ക്ക് ഒന്നും പാടില്ല, അച്ചുവിന് എന്തുമാകാം'; അച്ചു ഉമ്മനെതിരെ വ്യാപക സൈബർ ആക്രമണം
|അച്ചുവിന്റെ ഇൻസ്റ്റഗ്രാം വീഡിയോസും മോഡലിങ് ചിത്രങ്ങളും വെച്ച്, 'അത്യാഢംബര ജീവിതം നയിക്കുന്ന അച്ചുവിന്റെ പണമിടപാടുകളും പരിശോധിക്കണം' എന്ന തരത്തിലാണ് പോസ്റ്റുകൾ
പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ സഹോദരി അച്ചു ഉമ്മനെതിരെ സൈബർ ആക്രമണം രൂക്ഷമാകുന്നു. വീണാ വിജയനെതിരായ മാസപ്പടി വിവാദങ്ങൾക്ക് മറുപടിയെന്നോണം അച്ചുവിന്റെ ജീവിതശൈലിയെയും വസ്ത്രധാരണത്തെയും ചൂണ്ടിക്കാട്ടിയാണ് അധിക്ഷേപം. ഇടത് സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ നിന്നാണ് സൈബർ ആക്രമണമുണ്ടാകുന്നത്.
വീണാ വിജയനെ മാത്രം ഓഡിറ്റ് ചെയ്താൽ മതിയോ എന്നാണ് മിക്ക പോസ്റ്റുകളുടെയും തലക്കെട്ട് തന്നെ. അച്ചുവിന്റെ ഇൻസ്റ്റഗ്രാം വീഡിയോസും മോഡലിങ് ചിത്രങ്ങളും വെച്ച്, 'അത്യാഢംബര ജീവിതം നയിക്കുന്ന അച്ചുവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിക്കണം' എന്ന തരത്തിലാണ് പോസ്റ്റുകൾ. ജാതി ചൂണ്ടിക്കാട്ടിയുള്ള സൈബർ ആക്രമണത്തിനും പഞ്ഞമില്ല. മുണ്ടയിൽ കോരന്റെ മകനായതിനാലാണ് പിണറായി വിജയനും മകളും നിരന്തരം ഓഡിറ്റ് ചെയ്യപ്പെടുന്നതെന്നും പ്രമുഖ ക്രിസ്ത്യൻ കുടുംബത്തിൽ നിന്നായതിനാൽ അച്ചു ഉമ്മന് ഈ പ്രശ്‌നമില്ലെന്നും പോസ്റ്റുകളിൽ ആരോപിക്കുന്നു.
ചാണ്ടി ഉമ്മന്റെ സ്വത്തുവിവരങ്ങൾ ഉൾപ്പെടുത്തിയുള്ള പരിഹാസങ്ങൾക്കും കുറവില്ല. അച്ഛന്റെ തണലിലല്ലാതെ സ്വന്തമായി ജീവിക്കാനായി വീണാ വിജയൻ തുടങ്ങിയ കമ്പനിയെ കുറിച്ച് ആരോപണങ്ങളുന്നയിക്കുന്നവർ അച്ചു ഉമ്മന്റെ അത്യാഢംബര ജീവിതം കാണണമെന്നും നിരീക്ഷകരുടെ കണ്ണിൽ ഉമ്മൻ ചാണ്ടിയുടെ മകളുടെ ധൂർത്ത് ഒന്നും കാണില്ലെന്നുമാണ് മിക്ക പോസ്റ്റുകളിലും പറയുന്നത്.
പ്രമുഖ ബാങ്ക് ആയ സ്റ്റാന്റേർഡ് ചാർട്ടേർഡ് ബാങ്കിന്റെ ഏഷ്യാ റീജിയൺ വൈസ് പ്രസിഡന്റ് ആണ് ഫാഷൻ ഇൻഫ്‌ളുവൻസറും വ്‌ളോഗറും കൂടിയായ അച്ചു ഉമ്മൻ. ഇൻസ്റ്റഗ്രാമിൽ വിവിധ ബ്രാൻഡുകളുമായി കൊളാബുകളും ചെയ്യാറുണ്ട്. ഇതിന്റെ ഭാഗമായി പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും ചൂണ്ടിക്കാട്ടിയാണ് അച്ചുവിനെതിരെ രൂക്ഷ വിമർശനം. ദുബൈയിൽ ബിസിനസുകാരനായ ലീജോ ഫിലിപ്പാണ് അച്ചുവിന്റെ ഭർത്താവ്
മോഡലിംഗിനായി അച്ചു ഉപയോഗിക്കുന്ന ചെരുപ്പിനും ഷൂസിനുമെല്ലാം 50000വും 60000വും വരെയാണ് വിലയെന്നും ഇത്രയും പണം അച്ചുവിന് എവിടെ നിന്ന് കിട്ടുന്നു എന്നത് അന്വേഷിക്കണം എന്നുമൊക്കെയാണ് പ്രൊഫൈലുകളിലെ ആവശ്യങ്ങൾ. വിമർശനങ്ങളോട് പരസ്യപ്രതികരണത്തിനില്ലെന്നാണ് അച്ചു ഉമ്മന്റെ മറുപടി.