പേരാമ്പ്രയിൽ ബി.ജെ.പി നേതാക്കള്‍ക്കെതിരെ നടപടി
|ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി കെ രാഘവൻ വൈസ് പ്രസിഡന്റ് ശ്രീജിത്ത് എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു
കോഴിക്കോട്: കൈക്കൂലി ആരോപണം ഉയർന്ന പേരാമ്പ്രയിൽ ബി ജെ പി നേതാക്കള്‍ക്കെതിരെ നടപടി. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി കെ രാഘവൻ വൈസ് പ്രസിഡന്റ് ശ്രീജിത്ത് എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. മണ്ഡലം യോഗത്തിൽ അതിക്രമിച്ച് കടന്ന 5 പ്രവർത്തകരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കും. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശ പ്രകാരം ജില്ല കോർകമ്മിറ്റി യോഗമാണ് നടപടിയെടുക്കാൻ തീരുമാനിച്ചത്.
പണപ്പിരിവിനെചൊല്ലിയുള്ള തർക്കത്തിലാണ് ബിജെപി യോഗത്തിനിടെ കയ്യാങ്കളി ഉണ്ടായത്. ജില്ലാ നേതാക്കളടക്കം പങ്കെടുത്ത യോഗത്തിലായിരുന്നു സംഘർഷം.
ബിജെപി പ്രവർത്തകൻ പ്രജീഷിൻറെ പെട്രോൾ പമ്പ് നിർമ്മാണവുമായി ബന്ധപ്പെട്ട വിവാദമാണ് തർക്കത്തിലേക്ക് നീങ്ങിയത്. പെട്രോൾ പമ്പ് നിർമ്മാണത്തിനെതിരായ പ്രതിഷേധം അവസാനിപ്പിക്കാൻ ബിജെപി നേതാക്കൾ ഒരു ലക്ഷം രൂപ വാങ്ങിയെന്ന് പ്രജീഷ് പറയുന്നു. പ്രാദേശിക നേതാക്കൾ പണം വാങ്ങുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് നടന്ന യോഗത്തിൽ കൈയ്യാങ്കളിയുണ്ടായത്. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് രജീഷ് ഉൾപ്പെടെയുള്ളവര്ക്ക് സംഘർഷത്തിൽ പരിക്കേറ്റിരുന്നു.