തലപ്പുഴ വനമേഖലയിൽ നിന്ന് മരം മുറിച്ചത് സോളാർ ഫെൻസിങിന്, വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
|മുറിച്ചെടുത്ത മരങ്ങളുടെ തടികൾ ഫോറസ്റ്റ് ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി
കല്പറ്റ: വയനാട് തലപ്പുഴ തവിഞ്ഞാൽ റിസർവ് വനമേഖലയിലെ മരം മുറിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു. മരം മുറിച്ചത് സോളാർ ഫെൻസിങിന് വേണ്ടിയാണെന്നും അനധികൃത നടപടി ഉണ്ടായിട്ടില്ലെന്നും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മുറിച്ചെടുത്ത മരങ്ങളുടെ തടികൾ ഫോറസ്റ്റ് ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ട് എന്നും അന്വേഷണത്തിൽ കണ്ടെത്തി. ഇതിനെ തുടർന്ന് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്ത രണ്ട് ഉദ്യോഗസ്ഥരെയാണ് തിരിച്ചെടുത്തത്.
സോളാർ ഫെൻസിങ് സ്ഥാപിക്കാനായി വനത്തിനുള്ളിലെ 73 മരങ്ങളാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ മുറിച്ച് മാറ്റിയത്. ആഞ്ഞിലിയും പ്ലാവും ഉൾപ്പെടെയുള്ള മുറിച്ച തടികൾ വിറകാക്കി വനം വകുപ്പ് ഓഫീസിൽ തന്നെ വച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ നേരത്തെ തന്നെ അവകാശവാദമുന്നയിച്ചിരുന്നു. ഇത് സത്യമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.
മരങ്ങൾ മുറിച്ചത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് വിവാദമുയർന്ന സാഹചര്യത്തിൽ സർക്കാർ കഴിഞ്ഞയാഴ്ചയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവം അന്വേഷിച്ച് കർശന നടപടി സ്വീകരിക്കാനായിരുന്നു മുഖ്യ വനം മേധാവിക്കും വനം വിജിലൻസ് മേധാവിക്കും മന്ത്രി നിർദേശം നൽകിയിത്.