മരംമുറി വിവാദത്തിലെ ഫയലുകൾ വിവരാവകാശ പ്രകാരം നൽകിയ ഉദ്യോഗസ്ഥക്കെതിരെ നടപടി
|വിവാദ മരം മുറി ഉത്തരവുമായി ബന്ധപ്പെട്ട ഫയലിന്‍റെ പൂര്‍ണ്ണരൂപം പുറത്ത് വന്നതിന് പിന്നാലെയാണ് അണ്ടര്‍ സെക്രട്ടറി ശാലിനിക്കെതിരെ സര്‍ക്കാരിന്‍റെ നടപടി
മരംമുറി വിവാദ ഉത്തരവുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമ പ്രകാരം രേഖകള്‍ നല്‍കിയ ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി. അണ്ടർ സെക്രട്ടറി ശാലിനിയെ ശാസിച്ച ശേഷം അവധിയില്‍ പോകാന്‍ റവന്യൂപ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദ്ദേശിച്ചു. മരംമുറിയില്‍ വിവിധ വകുപ്പുകളുടെ പരിശോധന റിപ്പോര്‍ട്ടുകള്‍ ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കൈമാറാന്‍ ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടു.
വിവാദ മരം മുറി ഉത്തരവുമായി ബന്ധപ്പെട്ട ഫയലിന്‍റെ പൂര്‍ണ്ണരൂപം പുറത്ത് വന്നതിന് പിന്നാലെയാണ് അണ്ടര്‍ സെക്രട്ടറി ശാലിനിക്കെതിരെ സര്‍ക്കാരിന്‍റെ നടപടി. റവന്യൂപ്രിന്‍സിപ്പല്‍ സെക്രട്ടറി എ ജയതിലക് ഉദ്യോഗസ്ഥയെ ശാസിച്ച ശേഷം 2 മാസം അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ചു.
വിവാദ ഫയലിന്‍റെ വിശദാംശങ്ങള്‍ തേടി കഴിഞ്ഞമാസം 28ന് നല്‍കിയ വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷ പരിഗണിച്ചാണ് അണ്ടര്‍ സെക്രട്ടറി തൊട്ടടുത്ത ദിവസം തന്നെ രേഖകള്‍ കൈമാറിയത്. വിവാദ ഫയലിന്‍റെ പൂര്‍ണ്ണരൂപം മീഡിയവണ്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് മറികടന്നാണ് മുന്‍ റവന്യൂമന്ത്രി ഉത്തരവിറക്കിയതെന്ന് രേഖകളില്‍ വ്യകത്മാവുകയും ചെയ്തിരുന്നു.
റവന്യൂപ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥ അവധിയില്‍ പ്രവേശിച്ചു. മരം മുറിയില്‍ വിവിധ വകുപ്പുകളുടെ അന്വേഷണങ്ങള്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നത് ഒഴിവാക്കാന്‍ വകുപ്പുകളുടെ ആഭ്യന്തരപരിശോധന റിപ്പോര്‍ട്ടുകള്‍ ക്രൈംബ്രാഞ്ച് മേധാവിയുടെ പ്രത്യേക സംഘത്തിന് കൈമാറാന്‍ ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടു. തുടരന്വേഷണ കാര്യത്തില്‍ പ്രത്യേക സംഘത്തിന് തീരുമാനമെടുക്കാം. പോലീസ് മേധാവിയുടെ കത്തിനെ തുടര്‍ന്നാണ് നടപടി. വിവാദ ഉത്തരവില്‍ മുന്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനെയും കാനത്തേയും ന്യായീകരിച്ച് മന്ത്രി കെ രാജന്‍ രംഗത്തെത്തി.