'മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നടപടി': ബിബിസി ഓഫീസിലെ റെയ്ഡിനെതിരെ എ.എ റഹീം
|അമിത് ഷായുടെയും മോദിയുടെയും അമിതാധികാര പ്രവണതയിൽ ലോകരാജ്യങ്ങൾക്ക് മുമ്പിൽ ഇന്ത്യ തല കുനിക്കേണ്ടി വരികയാണെന്നും എ.എ റഹീം
ബിബിസി ഓഫീസിലെ റെയ്ഡ് മാധ്യമസ്വാതന്ത്ര്യത്തിനെതിരെന്ന് എ.എ റഹീം എം.പി. റെയ്ഡ് അങ്ങേയറ്റം അപലപനീയമാണെന്നും അമിത് ഷായുടെയും മോദിയുടെയും അമിതാധികാര പ്രവണതയിൽ ലോകരാജ്യങ്ങൾക്ക് മുമ്പിൽ ഇന്ത്യ തല കുനിക്കേണ്ടി വരികയാണെന്നും എ.എ റഹീം മാധ്യമങ്ങളോട് പറഞ്ഞു.
"രാജ്യത്തിന് തന്നെ അപമാനകരമായ നടപടിയാണുണ്ടായത്. ഇത് വൈരാഗ്യം തീർക്കലാണെന്ന് പകൽ പോലെ വ്യക്തമാണല്ലോ. ബിബിസിക്കെതിരെ യാതൊരു അന്വേഷണവും ഇതിന് മുമ്പ് കേട്ടിട്ടില്ല. നരേന്ദ്രമോദിയെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഡോക്യുമെന്ററി വരുന്നു, ബിബിസി അത് സംപ്രേഷണം ചെയ്ത് ആഴ്ചകൾക്കിടയിൽ റെയ്ഡ്. ബിബിസിക്കെതിരെ ഇതിന് മുമ്പ് ഒരു റെയ്ഡും ഇവിടെ നടന്നിട്ടില്ല. ഇത് മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണ്. എനിക്കെതിരെ ആരും വിമർശനമുന്നയിക്കേണ്ട, അതിനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കാരും അനുവദിച്ച് തന്നിട്ടില്ല എന്നാണ് മോദിയുടെ നിലപാട്. അത് ബിബിസിക്കെതിരെ മാത്രമുള്ള ഭീഷണിയല്ല, രാജ്യത്തെ മുഴുവൻ മാധ്യമങ്ങൾക്കും സ്വതന്ത്രമായി അഭിപ്രായം പറയുന്ന ആർക്കുമെതിരെയുള്ള ഭീഷണി കൂടിയാണ്.. അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണത്. ഭയപ്പെടുത്തി കീഴ്പ്പെടുത്താനാണ് സംഘപരിവാറിന്റെ നീക്കം". എ.എ റഹീം പറഞ്ഞു.
അൽപ്പം മുമ്പാണ് ബി.ബി.സിയുടെ ഇന്ത്യയിലെ ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് ആരംഭിച്ചത്. മുംബൈയിലും ഡൽഹിയിലുമാണ് പരിശോധന. ആദായ നികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് റെയ്ഡ് ആരംഭിച്ചത്. റെയ്ഡിൽ ജീവനക്കാരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. ഡോക്യുമെന്ററി പുറത്തുവന്നതിന് പിന്നാലെ ബി.ബി,സി ഇന്ത്യയിൽ നിരോധിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ബി.ജെ.പി പ്രവർത്തകരുടെ ഭാഗത്തു നിന്നുണ്ടായിരുന്നു.
ഇന്ത്യയിൽ ബി.ബി.സി ചാനൽ നിരോധിക്കണമെന്ന ഹിന്ദുസേനയുടെ ഹരജി കഴിഞ്ഞ ദിവസം സുപ്രിംകോടതി തള്ളിയിരുന്നു. ഹിന്ദുസേനാ അഖിലേന്ത്യ അധ്യക്ഷൻ വിഷ്ണുഗുപ്ത സമർപ്പിച്ച ഹരജിയാണ് തള്ളിയത്. വിഷ്ണുഗുപ്തക്കെതിരെ കടുത്ത വിമർശനമാണ് സുപ്രിംകോടതി ഉന്നയിച്ചത്. കോടതിയുടെ സമയം പാഴാക്കാനാണോ ഇത്തരത്തിലുള്ള ഹരജികളുമായി എത്തുന്നതെന്ന് ഹരജി തള്ളിക്കൊണ്ട് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ബെഞ്ച് ചോദിച്ചു.