ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവം: മെഡി. കോളജിൽ ആറ് ജീവനക്കാർക്കെതിരെ നടപടി
|മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അന്വേഷിച്ച് നടപടി സ്വീകരിച്ചത്.
കോഴിക്കോട്: മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതി പീഡനത്തിന് ഇരയായ സംഭവത്തിൽ ആറ് ജീവനക്കാർക്കെതിരെ നടപടി. യുവതിയെ സ്വാധീനിക്കാന്‍ ശ്രമിച്ച അഞ്ച് പേരെ സസ്പെന്‍ഡ് ചെയ്യുകയും ഒരാളെ പിരിച്ചുവിടുകയും ചെയ്തു.
സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അന്വേഷിച്ച് നടപടി സ്വീകരിച്ചത്.
ആശുപത്രി അറ്റന്ററായിരുന്നു യുവതിയെ പീഡിപ്പിച്ചത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതിയായ വില്യാപ്പള്ളി മയ്യന്നൂർ കുഴിപ്പറമ്പത്ത് ശശീന്ദ്രനെ (55) അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തിനു ശേഷം വിനോദയാത്ര പോയ ശശീന്ദ്രനെ 20ന് രാവിലെ നഗരത്തിൽ എത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. തൈറോയ്ഡ് ചികിത്സയ്ക്കെത്തിയ 32കാരിയാണ് ലൈംഗികാതിക്രമത്തിനിരയായത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഇവരുടെ ശസ്ത്രക്രിയ നടന്നത്. ഇതിന് ശേഷം തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.
ശസ്ത്രക്രിയക്കായി അനസ്തേഷ്യ നൽകിയ മയക്കത്തിലായിരുന്നു യുവതി. ഈ സമയത്തായിരുന്നു പീഡനം. മെഡിക്കൽ കോളജ് ഐ.സി.യുവിലെ ഗ്രേഡ് 1 വിഭാഗത്തിലെ അറ്റന്ററാണ് ശശീന്ദ്രൻ.
യുവതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ തിരിച്ചറിയുകയായിരുന്നു. സംഭവത്തിൽ ഇയാളെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.