ലക്ഷദ്വീപിൽ സമരം നടത്തിയ വിദ്യാർത്ഥികൾക്കെതിരെ നടപടി
|സമരം അനാവശ്യമെന്ന് പറഞ്ഞ ഭരണകൂടം സമരം ചെയ്ത വിദ്യാർത്ഥികളുടെ പേര് വിവരങ്ങൾ നൽകാൻ നിർദേശം നല്‍കി
ലക്ഷദ്വീപിൽ സമരം നടത്തിയ വിദ്യാർത്ഥികൾക്കെതിരെ നടപടി. സ്കോളർഷിപ്പ് നിഷേധമടക്കമുള്ള കാര്യങ്ങൾക്കായിരുന്നു വിദ്യാർത്ഥി സമരം. ലക്ഷദ്വീപിലെ ഒരു വര്‍ഷത്തോളം തടഞ്ഞുവെച്ച കോഴ്സ് ലിസ്റ്റുകള്‍ പുതുക്കുക, നാഷണല്‍ സ്കോര്‍ഷിപ്പ് പോര്‍ട്ടലിലേക്ക് മാറ്റിയ ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ സ്കോളര്‍ഷിപ്പ് സ്കീം പഴയരീതിയിലേക്ക് കൊണ്ടുവരിക, 2020ന് ശേഷം അഡ്മിഷന്‍ എടുത്തവര്‍ക്ക് സ്കോര്‍ഷിപ്പ് അനുവദിക്കുക, ദ്വീപിലെ വിദ്യാർത്ഥികൾക്ക് കപ്പൽ ടിക്കറ്റിൽ കൺസെക്ഷൻ നൽകുക എന്നീ ആവശ്യങ്ങളാണ് വിദ്യാര്‍ഥികള്‍ ഉയര്‍ത്തുന്നത്.
സമരം അനാവശ്യമെന്ന് പറഞ്ഞ ഭരണകൂടം സമരം ചെയ്ത വിദ്യാർത്ഥികളുടെ പേര് വിവരങ്ങൾ നൽകാൻ നിർദേശം നല്‍കി. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ ഡയറക്ടർ സർക്കുലറിറക്കി. പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയതിലൂടെ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യാനാണ് സാധ്യത.
അതെ സമയം സമരം ശക്തമാക്കുമെന്ന് എന്‍.എസ്.യു.ഐ ജനറൽ സെക്രട്ടറി അജാസ് അക്ബർ വ്യക്തമാക്കി.