കേരള വി.സി നിയമനം; സെനറ്റ് യോഗത്തിൽ നിന്ന് വിട്ടു നിന്ന ഗവർണറുടെ നോമിനികൾക്കെതിരെ നടപടിക്ക് സാധ്യത
|21 അംഗങ്ങൾ എത്തിയാൽ ക്വാറം തികയുമെന്നിരിക്കെ ചാൻസലർ നോമിനികൾ വിട്ടു നിന്നതിൽ ഗവർണർക്ക് കടുത്ത അതൃപ്തിയുണ്ട്
തിരുവനന്തപുരം: കേരള സർവകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട് വിളിച്ച സെനറ്റ് യോഗത്തിൽ നിന്ന് വിട്ടു നിന്ന ഗവർണറുടെ നോമിനികൾക്കെതിരെ നടപടിക്ക് സാധ്യത. നോമിനികളെ പിൻവലിക്കുന്നത് അടക്കമുള്ള കാര്യം ഗവർണറുടെ പരിഗണനയിലാണ് . 13 ചാൻസലർ നോമിനികളിൽ രണ്ട് പേർ മാത്രമാണ് യോഗത്തിന് എത്തിയത്.
വി.സി അടക്കം 13 പേരാണ് ഇന്നലത്തെ നിർണായക സെനറ്റ് യോഗത്തിനെത്തിയത്. ഗവർണറുടെ നിർദേശത്തെ തുടർന്ന് വിളിച്ച യോഗത്തിൽ ആകെയുള്ള 13 ചാൻസിലർ നോമിനികളിൽ 11 പേരും പങ്കെടുത്തില്ല. 21 അംഗങ്ങൾ എത്തിയാൽ ക്വാറം തികയുമെന്നിരിക്കെ ചാൻസലർ നോമിനികൾ വിട്ടു നിന്നതിൽ ഗവർണർക്ക് കടുത്ത അതൃപ്തിയുണ്ട്. യോഗത്തിൽ പങ്കെടുക്കാത്ത 11 പേരോടും ചാൻസലർ വിശദീകരണം തേടും.
വിശദീകരണം തൃപ്തികരമല്ലെങ്കിൽ നോമിനികളെ പിൻവലിക്കാനുള്ള അധികാരവും ഗവർണർക്കുണ്ട്. 11 അംഗങ്ങളും മനപ്പൂർവം യോഗത്തിൽ നിന്ന് വിട്ടു നിന്നതാണോ എന്ന് പരിശോധിക്കും. വിഷയത്തിൽ നിയമോപദേശം കൂടി തേടിയ ശേഷമാകും നടപടി. പല തവണ നിർദേശം നൽകിയിട്ടും സർവകലാശാല സെനറ്റ് പ്രതിനിധിയെ നിശ്ചയിച്ചു നൽകാത്തതും ഗവർണറെ ചൊടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ രണ്ടംഗ സെർച്ച് കമ്മിറ്റിയുമായി മുന്നോട്ട് പോകാനാണ് രാജ്ഭവൻ ആലോചിക്കുന്നത്. സിൻഡിക്കേറ്റ് പിരിച്ചു വിടുന്നതടക്കമുള്ള കടുത്ത നടപടിയിലേക്ക് ഗവർണർ കടക്കുമോ എന്നാണ് ഇനി അറിയേണ്ടത്.