വിദ്യാർഥിനിയുടെ മരണം: അമൽജ്യോതി കോളജിലേക്ക് ഇന്ന് ആക്ഷൻ കൗൺസിൽ മാർച്ച്
|ഇന്നലെ മുതൽ കോളജിൽ സാധാരണ നിലയിൽ ക്ലാസുകൾ ആരംഭിച്ചു.
കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജിൽ മരണപ്പെട്ട വിദ്യാർഥിനി ശ്രദ്ധയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ കോളജിലേക്ക് മാർച്ച് നടത്തും. ശ്രദ്ധയുടെ ബന്ധുക്കളും നാട്ടുകാരും മാർച്ചിൽ പങ്കെടുക്കും.
രാവിലെ പത്ത് മണിക്കാണ് മാർച്ച്. അതേസമയം ഇന്നലെ മുതൽ കോളജിൽ സാധാരണ നിലയിൽ ക്ലാസുകൾ ആരംഭിച്ചു. ഹൈക്കോടതി ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ കോളജ് പൊലീസ് സുരക്ഷയിലാണ് പ്രവർത്തിക്കുന്നത്.
വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്നാണ് കോളജ് നേരത്തെ അടച്ചിട്ടിരുന്നത്. ശ്രദ്ധയുടെ മരണത്തെ തുടര്‍ന്ന് ആരോപണ വിധേയായ കോളജ് വാര്ഡന് സിസ്റ്റര്‍ മായയെ ചുമതലകളില്‍ നിന്ന് മാറ്റിയിരുന്നു. എച്ച്ഒഡി അനൂപിനെതിരെ തത്ക്കാലം നടപടിയില്ലെന്നാണ് അധികൃതർ പറഞ്ഞത്. ശ്രദ്ധയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് കോളജ് വീണ്ടും തുറന്നത്.
രണ്ടാം വര്‍ഷ ഫുഡ് ടെക്നോളജി വിദ്യാര്‍ഥിനി തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി ശ്രദ്ധ സതീഷി (20)നെയാണ് കോളജ് ഹോസ്റ്റലില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒപ്പം താമസിക്കുന്ന കുട്ടികള്‍ ഭക്ഷണം കഴിക്കാന്‍ പുറത്തുപോയി തിരിച്ചുവരുമ്പോഴാണ് ശ്രദ്ധയെ മരിച്ച നിലയിൽ കണ്ടത്.
മരണത്തിന് ഉത്തരവാദികളായ അധ്യാപകർക്കെതിരെ നടപടിയാവശ്യപ്പെട്ട് വിദ്യാര്‍ഥി പ്രതിഷേധം ശക്തമായിത്തുടങ്ങിയതോടെ കോളജ് മാനേജ്മെന്റ് പൊലീസിനെ സമീപിക്കുകയും കോടതി ഉത്തരവ് വാങ്ങി കോളജിന് സംരക്ഷണം തേടുകയുമായിരുന്നു.