Kerala
voter list,ernakulam,വോട്ടർ പട്ടികയില്‍ പിഴവുകൾ,എറണാകുളം
Kerala

വോട്ടർ പട്ടികയില്‍ പിഴവുകൾ സംഭവിച്ചതില്‍ നടപടി: മരിച്ചുപോയവരെയും സ്ഥലം മാറിപ്പോയവരെയും ഒഴിവാക്കും

Web Desk
|
17 April 2024 1:06 AM GMT

മീഡിയവൺ വാർത്തയെ തുടർന്നാണ് നടപടി

കൊച്ചി: എറണാകുളം ജില്ലയിലെ വോട്ടർ പട്ടികയിൽ ഗുരുതരമായ പിഴവുകൾ സംഭവിച്ചതിൽ നടപടി. മരിച്ചുപോയവരെയും സ്ഥലം മാറിപ്പോയവരെയും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കും. വോട്ടർപട്ടിക മുഴുവനായും മലയാള ഭാഷയിലാക്കും. മീഡിയവൺ നൽകിയ വാർത്ത തുടർന്നാണ് നടപടി.

എറണാകുളം ജില്ലയിലെ വോട്ടർപട്ടികയിൽ ഗുരുതരമായ പിഴവുള്ള കാര്യം കഴിഞ്ഞ ദിവസമാണ് മീഡിയവൺ പുറത്തുവിട്ടത്. മരിച്ചു പോയവരും ജില്ലയിൽ നിന്ന് താമസം മാറി പോയവരടക്കം ഉള്ളവരുടെ പേര് വിവരങ്ങൾ പട്ടികയിൽ ഉണ്ടായിരുന്നു.വ്യാപകമായ അക്ഷരത്തെറ്റുണ്ടായിരുന്ന വോട്ടർ പട്ടികയിൽ പല പേജുകളും മലയാളത്തിന് പകരം തമിഴിലാണ്. വിഷയത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ പരാതി ഉന്നയിച്ചിരുന്നു. മീഡിയ വൺ വാർത്ത പുറത്തുവന്നത് പിന്നാലെയാണ് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കലക്ടർ എൻ എസ് കെ ഉമേഷ് വിഷയത്തിൽ ഇടപെട്ടത്.

മരിച്ചുപോയവരുടെയും സ്ഥലം മാറിപ്പോയവരുടെയും പട്ടിക ബൂത്ത് ലെവൽ ഓഫീസർ മുഖേന പോളിംഗ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് നൽകുമെന്നും ഇതുവഴി വോട്ടർപട്ടികയിൽ നിന്ന് ഇവരെ ഒഴിവാക്കാനാകുമെന്നും കലക്ടർ പറഞ്ഞു. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കുടിയേറി എത്തിയവരുടെ പേര് വിവരങ്ങളാണ് തമിഴ് ഭാഷയിൽ വന്നിട്ടുള്ളതെന്നും പോളിംഗ് ബൂത്തിൽ നൽകുന്ന അന്തിമ പട്ടികയിൽ മുഴുവൻ പേര് വിവരങ്ങളും മലയാളത്തിൽ ആക്കുമെന്നും കലക്ടർ ഉറപ്പു നൽകിയിട്ടുണ്ട്. ഏപ്രിൽ നാലിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിലായിരുന്നു ഗുരുതരമായ പിഴവുകൾ കണ്ടെത്തിയിരുന്നത്.


Similar Posts