Kerala
നികുതി കുടിശിക; ഇൻഡിഗോയുടെ കൂടുതൽ വാഹനങ്ങൾക്കെതിരെ നടപടിക്ക് സാധ്യത
Kerala

നികുതി കുടിശിക; ഇൻഡിഗോയുടെ കൂടുതൽ വാഹനങ്ങൾക്കെതിരെ നടപടിക്ക് സാധ്യത

Web Desk
|
20 July 2022 12:58 AM GMT

വിമാനത്താവളത്തിന് പുറത്തേക്ക് ബസുകൾ വരുന്ന മുറക്ക് കൂടുതൽ പരിശോധനയുണ്ടാകും

കോഴിക്കോട്: ഇന്‍ഡിഗോ എയർലൈന്‍സിന്‍റെ വാഹനങ്ങള്‍ക്കെതിരെ കൂടുതൽ നടപടിക്ക് സാധ്യത. വിമാനത്താവളത്തിനുള്ളിൽ ഉപയോഗിക്കുന്ന വാഹനങ്ങളിൽ ഭൂരിഭാഗവും നികുതിയടക്കാത്തതാണെന്നാണ് മോട്ടോർ വാഹന വകുപ്പ് കരുതുന്നത്. വിമാനത്താവളത്തിന് സമീപമുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ പരിശോധനയുണ്ടാകുമെന്നും സൂചനയുണ്ട്.

വിമാനത്താവളത്തിനകത്ത് പരിശോധന നടത്താന്‍ മോട്ടോർ വാഹന വകുപ്പിന് കഴിയാത്ത സാഹചര്യം മുതലെടുത്താണ് നിയമ ലംഘനം തുടരുന്നത്. രജിസ്ട്രേഷനില്ലാത്ത ബസുവരെ ഉണ്ടാകാന്‍ സാധ്യതയുണ്ട്. എല്‍.ഡി.എഫ് കണ്‍വീനർ ഇ.പി ജയരാജനെതിരെ ഇന്‍ഡിഗോ എയർലൈന്‍സ് യാത്രാ വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിന് പിന്നാലെ പരിശോധന തുടങ്ങിയതോടെയാണ് നിയമലംഘനം പുറത്തുവരുന്നത്. വിമാനത്താവളത്തിന് പുറത്തേക്ക് ബസുകള്‍ വരുന്ന മുറക്ക് കൂടുതല്‍ പരിശോധനയുണ്ടാകും.

ഇ.പി ജയരാജനെതിരായ യാത്രാവിലക്കുമായി ഇപ്പോഴത്തെ നടപടിക്ക് ബന്ധമില്ലെന്ന് പറയുമ്പോഴും ഇന്‍ഡിഗോയുടെ ബസുകള്‍ക്കെതിരെ കൂടുതല്‍ പരിശോധന നടക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞദിവസം ഇൻഡിഗോ എയർലൈൻസിന്‍റെ ബസ് ട്രാൻസ്പോർട്ട് വിഭാഗം കസ്റ്റഡിയിലെടുത്തിരുന്നു. ആറു മാസത്തെ നികുതി കുടിശികയുണ്ടെന്നാണ് ട്രാന്‍സ്പോര്‍ട്ട് വിഭാഗം അറിയിച്ചത്. ഫറോക്ക് ചുങ്കത്ത് അശോക് ലെയ്‍ലന്‍ഡ് ഷോറൂമിൽ നിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്.

Related Tags :
Similar Posts