കോടഞ്ചേരി മിശ്രവിവാഹം; ജോര്‍ജ് എം.തോമസിനെതിരെ ഇന്ന് നടപടിയുണ്ടായേക്കും
|ജോര്‍ജ് എം.തോമസിന്‍റെ പ്രതികരണം പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെന്ന് സി. പി.എം സംസ്ഥാന കമ്മിറ്റി വിലയിരുത്തി
കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയിലെ മിശ്രവിവാഹത്തിൽ ലവ് ജിഹാദ് പരാമർശം നടത്തിയ ജോര്‍ജ് എം.തോമസിനെതിരെ ഇന്ന് നടപടിയുണ്ടായേക്കും. ജോര്‍ജ് എം.തോമസിന്‍റെ പ്രതികരണം പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെന്ന് സി. പി.എം സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ജോര്‍ജ് എം. തോമസ് അംഗമായ കോഴിക്കോട് ജില്ലാകമ്മിറ്റിയാണ് തീരുമാനമെടുക്കുക.
ഇന്നുച്ചയ്ക്ക് കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റും വൈകിട്ട് ജില്ലാകമ്മിറ്റിയും ചേരുന്നുണ്ട്. ഇതിലാകും നടപടി തീരുമാനിക്കുക. ഡി.വൈ.എഫ്.ഐ നേതാവിന്‍റെ മിശ്ര വിവാഹത്തില്‍ ലവ് ജിഹാദ് യാഥാര്‍ഥ്യമാണെന്ന തരത്തിലുള്ള ജോര്‍ജ്ജ് എം തോമസിന്‍റെ പരാമര്‍ശം സി.പി.എമ്മിന് അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലാണ് സംസ്ഥാന കമ്മിറ്റിയിലുണ്ടായത്. പാർട്ടി നിലപാടിന് വിരുദ്ധമാണ് ജോർജ് എം.തോമസിന്‍റെ പ്രസ്താവന. കടുത്ത നടപടി വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. നടപടിയെടുക്കാന്‍ സംസ്ഥാന കമ്മിറ്റി ജില്ലാകമ്മിറ്റിയോട് ആവശ്യപ്പെട്ടു.
എന്നാല്‍ ജോര്‍ജ് എം. തോമസിനെതിരെ കടുത്ത നടപടിയിലേക്ക് കടന്നേക്കില്ല എന്നാണ് സൂചന. പരസ്യ ശാസനയാകും ഉണ്ടാവുക. ക്രിസ്ത്യന്‍ സമുദായം പാർട്ടിയുമായി അടുക്കുന്ന ഘട്ടത്തില്‍ കടുത്ത നടപടിയിലേക്ക് നീങ്ങുന്നത് തിരിച്ചടിയാകുമോ എന്ന ആശങ്ക സി.പി.എമ്മിനുണ്ട്.