തെരുവുനായ ശല്യത്തിനെതിരായ കർമ്മ പദ്ധതി: പരാതികളുമായി വിവിധ തദ്ദേശ സ്ഥാപനങ്ങള്‍
|അടിയന്തിര പ്രധാന്യത്തോടെ നായകള്‍ക്ക് ഷെല്‍ട്ടര്‍ ഹോമുകള്‍ ഒരുക്കുന്നതിനും ഡോഗ് ക്യാച്ചർമാരെ കണ്ടെത്തുന്നതിനും പല സ്ഥാപനങ്ങള്‍ക്കും ഇനിയും സാധിച്ചിട്ടില്ല
പത്തനംതിട്ട: തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിന് പ്രഖ്യാപിച്ച ദ്രുതകർമ്മ പദ്ധതി പൂർണതോതില്‍ നടപ്പിലാക്കുന്നതില്‍ പരിമിതികളുണ്ടെന്ന പരാതിയുമായി തദ്ദേശ സ്ഥാപനങ്ങള്‍. പദ്ധതിക്കായി പണം കണ്ടെത്തുന്നതും നായകള്‍ക്കായി ഷെല്‍ട്ടര്‍ ഹോമുകള്‍ സ്ഥാപിക്കുന്നതുമാണ് പ്രധാന വെല്ലുവിളി. പരിശീലനം ലഭിച്ച ഡോഗ് ക്യാച്ചർമാരെ ലഭിക്കാത്തതും പദ്ധതിക്ക് തിരിച്ചടിയാവുകയാണന്നും തദ്ദേശ സ്ഥാപന മേധാവികള്‍ പറയുന്നു.
തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനായി പത്തനംതിട്ട ജില്ലയില്‍ സർക്കാർ പ്രഖ്യാപിച്ച ദ്രുത കർമ്മ പദ്ധതി തുടർന്ന് വരുന്നതിനിടെയാണ് പരാതികളുമായി തദ്ദേശ സ്ഥാപനങ്ങള്‍ മുന്നോട്ട് വരുന്നത്. ജില്ലാതല യോഗത്തിന് ശേഷം പ്രത്യേക നിർദേശങ്ങള്‍ ലഭിച്ചെങ്കിലും ഇവ പൂർണതോതില്‍ നടപ്പാക്കുന്നതില്‍ ബുദ്ധിമുട്ടുകളുണ്ടെന്നാണ് പല തദ്ദേശ സ്ഥാപന മേധാവികളും പറയുന്നത്. വരുമാനം കുറഞ്ഞ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പദ്ധതി നടപ്പാക്കാനായി ഫണ്ട് കണ്ടെത്തുകയെന്നതാണ് പ്രധാന പ്രശ്നം. എ.ബി.സി കേന്ദ്രങ്ങള്‍ക്കായും മാലിന്യ സംസ്കരണത്തിനായും സ്ഥലങ്ങള്‍ കണ്ടെത്താനും എതിർപ്പുകള്‍ മൂലം സാധിക്കുന്നില്ല.
അടിയന്തിര പ്രധാന്യത്തോടെ നായകള്‍ക്ക് ഷെല്‍ട്ടര്‍ ഹോമുകള്‍ ഒരുക്കുന്നതിനും ഡോഗ് ക്യാച്ചർമാരെ കണ്ടെത്തുന്നതിനും പല സ്ഥാപനങ്ങള്‍ക്കും ഇനിയും സാധിച്ചിട്ടില്ല. നായകളുടെ വന്ധ്യംകരണത്തിനും വാക്സിനേഷനും മറ്റുമായി മൃഗ സംരക്ഷണ വകുപ്പിലടക്കം ആവശ്യത്തിന് ജീവനക്കാരില്ലാത്തും വെല്ലുവിളിയാണ്. ബോധവത്കരണ ക്സാസുകള്‍ സംഘടിപ്പിക്കുന്നതും മൃഗങ്ങള്‍ക്കുമായി ലൈസന്‍സ് വിതരണം ചെയ്യുന്നതുമടക്കമുള്ള കാര്യങ്ങളാണ് പല തദ്ദേശ സ്ഥാപനങ്ങളും ഇപ്പോള്‍ നടത്തുന്നത്. എന്നാല്‍ ദ്രുത കർമ്മ പദ്ധതിയുടെ ഭാഗമായുള്ള മറ്റ് നിർദേശങ്ങള്‍ സർക്കാർ സഹായമില്ലാതെ വേഗത്തില്‍ നടപ്പിലാക്കാനിവില്ലെന്നും തദ്ദേശ സ്ഥാപന മേധാവികള്‍ പറയുന്നു.