കെ.ടി ജലീലിനെതിരായ വംശീയ പരാമർശങ്ങളിൽ നടപടിയെടുക്കണം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
|തുടർച്ചയായി നടത്തപ്പെടുന്ന ഇത്തരം വംശീയ അധിക്ഷേപങ്ങൾ അദ്ദേഹത്തെ മാത്രം ലക്ഷ്യംവെച്ചുള്ളതല്ല, മുസ്‌ലിം സമുദായത്തെ അപരവൽക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ ആവശ്യപ്പെട്ടു.
മലപ്പുറം: തവനൂർ എം.എൽ.എയും മുൻ മന്ത്രിയുമായ കെ.ടി ജലീലിനെതിരായ വർഗീയ വംശീയ പ്രസ്താവനകൾ പ്രതിഷേധാർഹവും പ്രതിരോധിക്കേണ്ടതുമാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ ആവശ്യപ്പെട്ടു. ആദ്യമായല്ല അദ്ദേഹം ഇത്തരം ആക്രമണങ്ങൾക്ക് വിധേയനാകുന്നത്. സംഘ്പരിവാർ പാനലിസ്റ്റ് ചാനൽ ചർച്ചയിൽ ഇതേ വാദഗതികൾ മുമ്പ് ഉന്നയിക്കുകയുണ്ടായി. സമാന സ്വഭാവത്തിലുള്ളതാണ് ഇപ്പോൾ ഇരിങ്ങാലക്കുട രൂപതാ മുഖപത്രത്തിന്റേതായി പുറത്ത് വന്നിരിക്കുന്ന എഴുത്ത്. അവഗണിച്ച് തള്ളുകയെന്ന സമീപനമാണ് മുമ്പ് ഇത്തരം പ്രസ്താവനകളോട് അദ്ദേഹവും അദ്ദേഹത്തെ പിന്തുണക്കുന്നവരും സ്വീകരിച്ചത്. എന്നാൽ തുടർച്ചയായി നടത്തപ്പെടുന്ന ഇത്തരം വംശീയ അധിക്ഷേപങ്ങൾ അദ്ദേഹത്തെ മാത്രം ലക്ഷ്യംവെച്ചുള്ളതല്ല, മുസ്‌ലിം സമുദായത്തെ അപരവൽക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ജംഷീൽ പ്രസ്താവനയിൽ പറഞ്ഞു.
ഇസ്‌ലാമോഫോബിയയുടെ പ്രചാരകരായി കേരളത്തിൽ കൂടുതൽപേർ രംഗത്ത് വരുന്ന സാഹചര്യങ്ങൾ രാഷ്ട്രീയമായും നിയമപരമായും ചെറുക്കുകയെന്നത് കേരളത്തിന്റെ സാഹോദര്യാന്തരീക്ഷം നിലനിർത്താൻ അനിവാര്യമാണ്. ബന്ധപ്പെട്ടവർ ഉടനടി നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.