പി.എസ്.സി കോഴ വിവാദം: പ്രമോദ് കോട്ടൂളിക്കെതിരെ നടപടി ഉണ്ടാകുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി
|സി.പി.എം ടൗൺ ഏരിയാ കമ്മിറ്റി അംഗമാണ് പ്രമോദ് കോട്ടൂളി.
കോഴിക്കോട്: പി.എസ്.സി അംഗത്വത്തിന് കോഴ വാങ്ങിയെന്ന് ആരോപണമുയർന്ന പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയുണ്ടാകുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനൻ. ടൗൺ ഏരിയാ കമ്മിറ്റി യോഗത്തിലാണ് സെക്രട്ടറി ഇക്കാര്യമറിയിച്ചത്. പ്രമോദിനെതിരെ നടപടി വേണമെന്ന് ഏരിയാ കമ്മിറ്റി അംഗങ്ങൾ ആവശ്യപ്പെട്ടു. പാർട്ടിക്ക് കൂറച്ചുകൂടെ വ്യക്തത വരാനുണ്ടെന്നും അതിന് ശേഷം നടപടിയുണ്ടാവുമെന്നും പി. മോഹനൻ അറിയിച്ചു.
ഏത് തരത്തിലുള്ള നടപടിയാണ് ഉണ്ടാവുകയെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞിട്ടില്ല. സി.പി.എം ടൗൺ ഏരിയാ കമ്മിറ്റി അംഗമാണ് പ്രമോദ് കോട്ടൂളി. സംഭവത്തിൽ സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിയോട് വിശദീകരണം തേടിയിരുന്നു. കോഴ ആരോപണവുമായി ബന്ധപ്പെട്ട പരാതി ജില്ലാ നേതൃത്വം ഗൗരവമായി എടുത്തില്ലെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ മന്ത്രി പരാതി കൊടുത്തിട്ടും ഗൗരവം കാണിച്ചില്ലെന്നും സംസ്ഥാന നേതൃത്വം വിശദീകരിച്ചു. ജില്ല കേന്ദ്രീകരിച്ച് കോക്കസ് പ്രവർത്തിക്കുന്നു എന്ന ആരോപണമുയർന്നിട്ടും മൗനം പാലിച്ചത് ഗുരുതര വീഴ്ചയാണെന്നും വിമർശനമുണ്ടായി.