രംഗത്തിറങ്ങി എം.ടി.എഫി.ഇയുടെ പിന്‍ഗാമി; പുതിയ ഓണ്‍ലൈന്‍ മണി ചെയിന്‍ തട്ടിപ്പ് സജീവം
|പുതിയ പ്ലാറ്റ്ഫോം പ്രചരിപ്പിക്കാനായി വാട്ട്സ്ആപ്പ് ഗ്രൂപ്പുകളും സജീവമാണ്.
കോഴിക്കോട്: കഴിഞ്ഞ മാസത്തോടെ പ്രവർത്തനം നിർത്തിയ ഓണ്‍ലൈന്‍ ട്രേഡിങ് പ്ലാറ്റ് ഫോം എം.ടി.എഫ്.ഇയുടെ പിന്‍ഗാമിയെന്ന് പറഞ്ഞ് പുതിയ ഓണ്‍ലൈന്‍ മണി ചെയിന്‍ പദ്ധതികള്‍. എം.ടി.എഫ്.ഇയുട പ്രമോട്ടർമാർ തന്നെയാണ് മലയാളികളില്‍ ഇത് പ്രചരിപ്പിക്കുന്നത്. പുതിയ പ്ലാറ്റ്ഫോം പ്രചരിപ്പിക്കാനായി വാട്ട്സ്ആപ്പ് ഗ്രൂപ്പുകളും സജീവമാണ്.
എം.എർ.സി.ടി എന്ന ഓണ്‍ലൈന്‍ ട്രേഡിങ് പ്ലാറ്റ്ഫോമിന്റെ പ്രചരണത്തിനായി തുടങ്ങിയ വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ അഡ്മിന്റെ ഓഡിയോ സന്ദേശം പുറത്തുവന്നു. എം.ടി.എഫ്.ഇ വേർഷൻ-2 എന്ന പേരിൽ നമ്മൾ ആരംഭിച്ച ഈ ബിസിനസ് സമീപകാല തിരിച്ചടിക്ക് ശേഷം ആ പേരിൽ തുടരാൻ കഴിയാത്തതിനാൽ എം.ആർ.സി.ടി എന്ന പേരിലാണ് ബിസിനസ് നടത്തുന്നതെന്നും രണ്ടും ഒന്നാണെന്ന് അംഗങ്ങളെ അറിയിക്കുകയാണെന്നും ഇയാൾ പറയുന്നു.
ഇതു കൂടാതെ, എം.ഐ.സി.ടി എന്ന പേരില്‍ മറ്റൊരു പ്ലാറ്റ്ഫോമും സമാനമായ പ്രചരണം നടത്തുന്നുണ്ട്. 51 ഡോളർ നിക്ഷേപിച്ചാല്‍ ദിവസം 1.27 ഡോളർ വരുമാനം എന്നതില്‍ തുടങ്ങി 2001 ഡോളർ നിക്ഷേപത്തിന് പ്രതിദിനം 50 ഡോളർ വരെ വരുമാനം വാഗ്ദാനം ചെയ്യുന്നുണ്ട്.
എം.ടി.എഫ്.ഇ പോലെ ബിനാന്‍സ് ഐ.ഡി ഉപയോഗിച്ചാണ് രജിസ്ട്രേഷന്. എം.ടി.എഫ്.ഇയില്‍ പണം നഷ്ടപ്പെട്ടവരെ ലക്ഷ്യമിട്ടാണ് പുതിയ തട്ടിപ്പുകാരുടെ പ്രവർത്തനം. എം.ടി.എഫ്.ഇയില്‍ പ്രവർത്തിച്ചവരുടെ വിവരങ്ങള്‍ ഈ സംഘങ്ങള്‍ക്ക് കിട്ടുന്നുണ്ട്. എം.ടി.എഫ്.ഇയുടെ തുടർച്ച എന്ന രീതിയില്‍ പ്രവർത്തിക്കുന്നതിനാല്‍ പലരും ഇതില്‍ കുടുങ്ങുന്നതായാണ് വിവരം.
നിക്ഷേപകരില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്തിട്ടും എം.ടി.എഫ്.ഇ നടത്തിപ്പുകാർക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. പരാതി നല്കാന് തന്നെ ഭൂരിഭാഗം പേരും തയാറായില്ല. ഇതാണ് പുതിയ രീതിയില്‍ തട്ടിപ്പുകാർ രംഗത്തിറങ്ങാന്‍ കാരണം. ജാഗ്രതയോടെ നിക്ഷേപം നടത്തുക മാത്രമാണ് തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാനുള്ള പോംവഴി.