പശുപാൽ കുടിച്ചാണ് കുഞ്ഞുങ്ങൾ വളരുന്നത്; ഗോമാതാവ് എന്നു വിളിക്കുന്നത് അതുകൊണ്ട്-കൃഷ്ണകുമാർ
|''മറ്റ് പാർട്ടിക്കാർ കൂടുതൽ ബുദ്ധിപൂർവം ജാതിയും മതവും ഉപയോഗിക്കുന്നതു കൊണ്ടാണ് ബി.ജെ.പി ഇവിടെ വളരാത്തത്... ഗഡ്കരിയുടെ മനോഹര പദ്ധതികൾക്കു പണം കണ്ടെത്താനാണ് ഇന്ധനവില കൂട്ടുന്നത്.''
കോഴിക്കോട്: കുഞ്ഞുങ്ങൾ പശുപാൽ കുടിച്ചുവളരുന്നതുകൊണ്ടാണ് ഗോമാതാവ് എന്നു വിളിക്കുന്നതെന്ന് നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാർ. അമ്മയുടെ സ്ഥാനത്തുവരുന്നതു കൊണ്ടാണ് അതെന്നും അദ്ദേഹം പറഞ്ഞു. ആവശ്യം കഴിഞ്ഞതുകൊണ്ടാണ് 2,000 രൂപാ നോട്ട് പിൻവലിച്ചത്. തീവ്രവാദമൊക്കെ തീർന്നെന്നും കൃഷ്ണകുമാർ പറഞ്ഞു.
ഒരു മലയാളം ചാനലിനു നൽകിയ അഭിമുഖത്തിലാണ് കൃഷ്ണകുമാറിന്റെ അഭിപ്രായപ്രകടനം. ''എന്റെ അമ്മയുടെ വീട്ടിൽ പശുവും പശുത്തൊഴുത്തെല്ലാം ഉണ്ടായിരുന്നു. കുഞ്ഞുങ്ങൾ പരമാവധി അഞ്ചുവയസുവരെ മാത്രമാണ് അമ്മയുടെ പാല് കുടിച്ചു വളരുന്നത്. അതു കഴിഞ്ഞാൽ പശുവിന്റെ പാലാണ് കുഞ്ഞുങ്ങൾ കുടിച്ചുവളരുന്നത്. അങ്ങനെ അമ്മയുടെ സ്ഥാനത്തുവരുന്നതു കൊണ്ടാണു ഗോമാതാവ് എന്നു വിളിക്കുന്നതെന്നാണ് എന്റെ അറിവും വിശ്വാസവും. നമ്മുടെ അമ്മയെ നമ്മൾ കൊന്നു തിന്നില്ല.''-അദ്ദേഹം പറഞ്ഞു.
ലോകത്ത് എവിടെ പോയിനോക്കിയാലും ഓരോ രാജ്യത്തും പശു ഫാമുകളിലേക്കു മാതാപിതാക്കൾ കുട്ടികളുമായി ചെല്ലുകയാണെന്നും കൃഷ്ണകുമാർ ചൂണ്ടിക്കാട്ടി. പശുവിനെക്കുറിച്ച് കൂടുതൽ അറിയാനാണത്. അവരുടെ ജീവിതത്തിൽ ഏറെ സമാധാനമുണ്ടാക്കാൻ പശു ഫാമുകൾ സഹായിക്കുന്നുണ്ടെന്നും നടൻ സൂചിപ്പിച്ചു.
അടിസ്ഥാന സൗകര്യവികസനത്തിനു പണം കണ്ടെത്താനാണ് പെട്രോളിന് വില കൂട്ടുന്നതെന്നും കൃഷ്ണകുമാർ അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യം കിട്ടി ഇത്രയും കാലം അടിസ്ഥാന സൗകര്യവികസനത്തിൽ നമ്മൾ ഒന്നും ചെയ്തില്ല. അതിനുവേണ്ട ധനം എവിടെനിന്നു കണ്ടെത്തും? ഗഡ്കരി മനോഹരമായ പദ്ധതികളുണ്ടാക്കുകയാണ്. പക്ഷെ, അദ്ദേഹത്തിനു പണം വേണമെങ്കിൽ കേന്ദ്ര സർക്കാരിനൊരു പദ്ധതി വേണം. ഇന്ധനം നന്നായി വിറ്റുപോകുന്നുണ്ട്. അതിന്റെ നികുതി എടുത്ത് ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആവശ്യം കഴിഞ്ഞതുകൊണ്ടാണ് 2,000 രൂപാ നോട്ട് പിൻവലിച്ചതെന്നും കൃഷ്ണകുമാർ വിശദീകരിച്ചു. ''നമ്മൾ പ്ലാസ്റ്റിക് കറൻസിയിലേക്കും ഡിജിറ്റൽ കറൻസിയിലേക്കും വന്നുകഴിഞ്ഞു. അപ്പോൾ മറ്റ് നോട്ടുകൾ എന്തിനാണു കൈയിൽ വയ്ക്കുന്നത്? മറ്റു നോട്ടുകളും കുറച്ചുകൊണ്ടുവരും. വികസിതരാജ്യങ്ങളിലെല്ലാം ചില്ലറപ്പൈസയേ കാണൂ. അനധികൃത സ്വത്ത് ഇല്ലാതാക്കുകയാണു ലക്ഷ്യം. അതോടെ തീവ്രവാദവും അവസാനിക്കും. തീവ്രവാദമൊക്കെ തീർന്നു. കശ്മീരിൽ ഇപ്പോൾ കല്ലേറുപോലും നടക്കുന്നില്ല.''
പാർട്ടിയിൽ ചേർന്നപ്പോഴേക്കും തിരുവനന്തപുരം പോലെയുള്ള സ്ഥലത്ത് എന്നെ സ്ഥാനാർത്ഥിയാക്കി. അങ്ങനെ എന്നെ പരിഗണിച്ചു. കിട്ടുന്ന സ്ഥാനം വച്ച് പരമാവധി പാർട്ടിയെ വളർത്താൻ ശ്രമിക്കണം. പാർട്ടിക്ക് ഇപ്പോൾ നമ്മെ വേണ്ടിവരില്ല. പിന്നീട് ഉപയോഗിക്കാനായിരിക്കും ആലോചിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇഷ്ടമാണ്. താൽപര്യമുണ്ട്. തിരുവനന്തപുരമാണ് തിരഞ്ഞെടുക്കുക. ജനിച്ചുവളർന്ന സ്ഥലമാണ്, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇവിടെ നിന്നതാണ്. ജനങ്ങളുടെ നല്ല അംഗീകാരവും കിട്ടിയിട്ടുണ്ട്. മറ്റ് പാർട്ടിക്കാർ കൂടുതൽ ബുദ്ധിപൂർവം ജാതിയും മതവും ഉപയോഗിക്കുന്നതു കൊണ്ടാണ് ബി.ജെ.പി ഇവിടെ വളരാത്തതെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.
Summary: ''Babies grow up drinking cow's milk and cow is in the place of mothers; That is why it is called Gomata'': Actor and BJP leader Krishna Kumar