മോന്‍സണു വേണ്ടി ഇടപെട്ടോ? പ്രതികരണവുമായി ബാല
|'ഞാൻ കണ്ട കാഴ്ചയിൽ അദ്ദേഹം നല്ല കാര്യങ്ങൾ ചെയ്യുന്ന ആളാണ്. ഞാനും നല്ല കാര്യങ്ങൾ ചെയ്യുന്ന ആളാണ്'
പുരാവസ്തു തട്ടിപ്പുകാരന്‍ മോണ്‍സണ് വേണ്ടി സിനിമാതാരം ബാല മധ്യസ്ഥനായെന്ന വാര്‍ത്ത പുറത്തുവന്നതോടെ പ്രതികരണവുമായി ബാല. മോന്‍സണ്‍ തന്‍റെ അയല്‍ക്കാരനാണെന്നും ആ നിലയ്ക്കുള്ള പരിചയമാണെന്നും ബാല പറഞ്ഞു.
''മോൻസൺ എന്റെ അയൽക്കാരനാണ്. ഞാൻ കണ്ട കാഴ്ചയിൽ അദ്ദേഹം നല്ല കാര്യങ്ങൾ ചെയ്യുന്ന ആളാണ്. ഞാനും നല്ല കാര്യങ്ങൾ ചെയ്യുന്ന ആളാണ്. അങ്ങനെ പരിചയപ്പെട്ടതാണ്. ബാക്കി കാര്യങ്ങള്‍ എനിക്കറിയില്ല. മോണ്‍സന്‍റെ സഹായി അജിക്ക് ശമ്പളത്തിന്‍റെ എന്തോ പ്രശ്നം വന്നപ്പോള്‍, അവര്‍ തമ്മിലെന്തോ അടിയുണ്ടായപ്പോള്‍ വഴക്കിടേണ്ട ഒത്തുപോവണമെന്നാ ഞാന്‍ പറഞ്ഞത്. ആളുകള്‍ കേള്‍ക്കുമ്പോള്‍ ഈ കേസ് നടക്കുമ്പോ ഞാന്‍ സംസാരിച്ചതുപോലെയാണ്''- ബാല പ്രതികരിച്ചു.
ഫോണ്‍ സംഭാഷണത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍
ബാല- ഒരു കംപ്ലെയിന്‍റ് എത്തി. മോന്‍സണ്‍ ഡോക്ടറെ കുറിച്ച് മോശമായി സംസാരിച്ചെന്ന്.. അത് വേണ്ടല്ലോ..
അജി- അയ്യോ എന്‍റെ പൊന്നു ബാലച്ചേട്ടാ, സത്യമായിട്ടും ഞാനല്ല മോന്‍സണ്‍ ഡോക്ടറെ കുറിച്ച് മോശമായി സംസാരിച്ചത്. ഞാന്‍ പെണ്ണുപിടിയനാണെന്നും 20 കിലോ കഞ്ചാവ് ഞാന്‍ പുള്ളിയുടെ വണ്ടിയില്‍ കൊണ്ടുപോയി വെയ്ക്കുമെന്നും തലവെട്ടിക്കളയുമെന്നും പുള്ളി ആരോടോ പറഞ്ഞുണ്ടാക്കിയ കഥയാണ് ബാലച്ചേട്ടാ. എനിക്ക് എന്തുചെയ്യാന്‍ പറ്റും? പുള്ളിയുടെ കാല് പിടിക്കാന്‍ പറ്റുമോ? 10 വര്‍ഷം പുള്ളിക്കുവേണ്ടി പട്ടിയെപ്പോലെ പണിയെടുത്ത എനിക്ക് കള്ളക്കേസാണ് പുള്ളി തന്ന ബോണസ്. അതങ്ങനെ നിലനില്‍ക്കട്ടെ ബാലച്ചേട്ടാ..
ബാല- ഭയങ്കര മോശമായി സംസാരിച്ചെന്ന് പറഞ്ഞ് ഭയങ്കര ദേഷ്യത്തിലാണ് മോന്‍സണ്‍ ഡോക്ടര്‍. എല്ലാ കേസും എല്ലാം ഒഴിവാക്കാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്..
പരാതിക്കാരന്‍ ഷമീര്‍ പറയുന്നതിങ്ങനെ-
"ബാല മോന്‍സന്‍റെ അയല്‍വാസിയാണ്. അവര്‍ നിരന്തരം ബന്ധം പുലര്‍ത്തുന്ന ആളുകളാണ്. ഇവര്‍ ഒന്നിച്ച് പല വീഡിയോസും ചെയ്തിട്ടുണ്ട്. ബാല അദ്ദേഹത്തിന്‍റെ യൂട്യൂബ് ചാനലില്‍ മോന്‍സന്‍റെ പുരാവസ്തുക്കള്‍ കാണിച്ചിട്ടുണ്ട്. ഞങ്ങളൊക്കെ പണം നല്‍കാന്‍ ഒരു കാരണക്കാരന്‍ കൂടിയാണ് ഈ ബാല. കാരണം അദ്ദേഹത്തിന്‍റെ വീഡിയോസ് കണ്ടിട്ട് കൂടിയാണ് ഞങ്ങള്‍ പണം മുടക്കിയത്. അജി നെട്ടൂരിനെ വിളിച്ച് കേസില്‍ നിന്ന് പിന്മാറാന്‍ ബാല ആവശ്യപ്പെട്ടിട്ടുണ്ട്. ആ ശബ്ദരേഖ ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്".
അയല്‍വാസി എന്ന നിലയ്ക്കുള്ള ബന്ധമാണോ അതോ മോന്‍സന്‍റെ തട്ടിപ്പില്‍ ബാലയ്ക്ക് പങ്കുണ്ടോയെന്ന് ഇപ്പോള്‍ വ്യക്തമല്ല. ബാലയ്ക്ക് തട്ടിപ്പില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് പരാതിക്കാര്‍ ആവശ്യപ്പെടുന്നു.