Kerala
വധഗൂഢാലോചന കേസിൽ ദിലീപ് ശബ്ദസാമ്പിള്‍ നൽകി
Kerala

വധഗൂഢാലോചന കേസിൽ ദിലീപ് ശബ്ദസാമ്പിള്‍ നൽകി

Web Desk
|
8 Feb 2022 7:47 AM GMT

കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തിയാണ് ദിലീപ് ശബ്ദസാമ്പിള്‍ നല്‍കിയത്

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് ശബ്ദസാമ്പിള്‍ നല്‍കി. കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തിയാണ് ദിലീപ് ശബ്ദസാമ്പിള്‍ നല്‍കിയത്. സംവിധായകന്‍ ബാലചന്ദ്രകുമാർ പുറത്തുവിട്ട ശബ്ദരേഖകളുടെ പശ്ചാത്തലത്തിലാണ് സാമ്പിളുകള്‍ ശേഖരിച്ചത്. അതിനിടെ ഗൂഢാലോചനാക്കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിക്കും.

ശബ്ദപരിശോധനാഫലം ലഭിക്കുന്ന മുറയ്ക്ക് വീണ്ടും അന്വേഷണസംഘം ഹൈക്കോടതിയെ സമീപിക്കും. പ്രതികളില്‍ നിന്ന് കണ്ടെടുത്ത ഫോണുകളുടെ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ലഭിക്കുമെന്നും അന്വേഷണസംഘം കണക്കുകൂട്ടുന്നുണ്ട്.

ഏറെ ദിവസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ഒടുവിലാണ് ഇന്നലെ ദിലീപിന് ഹൈക്കോടതി ഉപാധികളോടെ മുന്‍കൂർജാമ്യം അനുവദിച്ചത്. ഇതോടെയാണ് ദിലീപും കൂട്ടുപ്രതികളും വീണ്ടും ഹൈക്കോടതിയിലേക്ക് നീങ്ങുന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലുണ്ടായ ഗൂഢാലോചനാ കേസ് റദ്ദാക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉടന്‍ കോടതിയില്‍ ഹരജി നല്‍കും.

നേരത്തെ നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്ന് കാണിച്ച് ദിലീപ് മറ്റൊരു ഹരജിയും കോടതിയില്‍ നല്‍കിയിട്ടുണ്ട്. മുന്‍കൂര്‍ജാമ്യം നല്‍കിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഉടന്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ദിലീപിനെയും മറ്റ് പ്രതികളെയും വീണ്ടും ചോദ്യംചെയ്യലിന് വിളിച്ചു വരുത്താനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

Similar Posts