Kerala
Actor Jayasurya criticizes the Kerala ministers P Rajeev and P Prasad on the same stage, Actor Jayasurya, P Rajeev, P Prasad
Kerala

'തിരുവോണദിവസം കർഷകർ പട്ടിണി കിടക്കുന്നു; നമ്മള്‍ വിഷപ്പച്ചക്കറി കഴിക്കേണ്ട ഗതികേടില്‍'-മന്ത്രിമാരെ വേദിയിലിരുത്തി ജയസൂര്യയുടെ വിമർശനം

Web Desk
|
30 Aug 2023 7:27 AM GMT

''കേരളത്തിലുള്ള നമ്മൾക്കാർക്കും ഫസ്റ്റ് ക്വാളിറ്റി കഴിക്കാനുള്ള യോഗ്യതയില്ലേ? നമ്മൾ അതു പൈസ കൊടുത്ത് മേടിക്കില്ലേ? ഇവിടെ ക്വാളിറ്റി ചെക്കിങ്ങില്ലെന്നാണ് പറയുന്നത്.''

കൊച്ചി: തിരുവോണദിവസം കർഷകർ പട്ടിണി കിടക്കുകയാണെന്ന് കൃഷി മന്ത്രി പി. പ്രസാദിനെ വേദിയിലിരുത്തി വിമർശനവുമായി നടൻ ജയസൂര്യ. കർഷകർ അനുഭവിക്കുന്നത് ചെറിയ പ്രശ്‌നങ്ങളല്ല. വിഷപ്പച്ചക്കറികളും തേഡ് ക്വാളിറ്റി അരിയുമൊക്കെ കഴിക്കേണ്ട ഗതികേടിലാണ് നമ്മളെന്നും ജയസൂര്യ ആക്ഷേപിച്ചു.

കളമശ്ശേരിയിൽ കാർഷികോത്സവ ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ജയസൂര്യ. മന്ത്രി പി. രാജീവും വേദിയിലുണ്ടായിരുന്നു. ഒരു സുഹൃത്തിന്റെ അനുഭവം പറഞ്ഞാണ് ജയസൂര്യ കർഷകരുടെ പ്രശ്‌നങ്ങളിലേക്കു മന്ത്രിമാരുടെ ശ്രദ്ധ ക്ഷണിച്ചത്.

''കുമരകത്ത് എന്റെയൊരു സുഹൃത്തുണ്ട്. കൃഷ്ണപ്രസാദ്. കൃഷി കൊണ്ടു ജീവിക്കുന്ന വ്യക്തിയാണ്. അഞ്ചാറു മാസമായി നെല്ലു കൊണ്ടുപോയിക്കൊടുത്തിട്ട് സപ്ലൈകോയിൽനിന്ന് ഇതുവരെ കാശ് കിട്ടിയിട്ടില്ല. തിരുവോണ ദിവസം അവർ ഉപവാസമിരിക്കുകയാണ്.''

തിരുവോണ ദിവസം നമ്മുടെ കർഷകർ പട്ടിണി ഇരിക്കുകയാണെന്നും നടൻ പറഞ്ഞു. അവരുടെ കാര്യങ്ങൾ നേടിയെടുക്കാൻ വേണ്ടിയാണ് ഈ ഉപവാസം; സ്വന്തം കാര്യങ്ങൾ നേടിയെടുക്കാനല്ല. അധികാരികളുടെ കണ്ണിലേക്ക് എത്തിക്കാനാണ് അവർ കിടന്നു കഷ്ടപ്പെടുന്നത്. അവർക്കു വേണ്ടിയാണ് താൻ സംസാരിക്കുന്നതെന്നും ഇതിനെ വേറെ രീതിയിൽ കാണരുതെന്നും അദ്ദേഹം പറഞ്ഞു. അവരുടെ പ്രതിനിധിയായാണു താൻ സംസാരിക്കുന്നതെന്നും ജയസൂര്യ പറഞ്ഞു.

കർഷകർ അനുഭവിക്കുന്ന കാര്യങ്ങൾ ചെറിയ പ്രശ്‌നമല്ലെന്നും താങ്കളുടെ കാതുകളിൽ ചില കാര്യങ്ങൾ എത്താൻ വൈകുമെന്നും മന്ത്രി പ്രസാദിനു നേരെ തിരിഞ്ഞ് ജയസൂര്യ പറഞ്ഞു. ഒരു സിനിമ പരാജയപ്പെട്ടാൻ ഏറ്റവും അവസാനം അറിയുന്നത് അതിലെ നായകനാണെന്നു തമാശയ്ക്കു പറയാറുണ്ട്. അതുപോലെയാണ് ഇത്. ഇത് നടൻ ജയസൂര്യയല്ല, ഒരു സാധാരണ വ്യക്തിയായാണ് താങ്കളെ ഇക്കാര്യങ്ങൾ ഓർമിപ്പിക്കുന്നതെന്നും നടൻ പറഞ്ഞു.

''പുതിയ തലമുറയിലെ ചെറുപ്പക്കാർക്ക് ഷർട്ടിൽ ചെളി പുരളുന്നത് ഇഷ്ടമില്ലെന്ന് ഇവിടെ പറഞ്ഞു. തിരുവോണദിവസം പട്ടിണി കിടക്കുന്ന അച്ഛനെയും അമ്മയെയും കണ്ട് എങ്ങനെയാണ് ഒരു തലമുറ ഇതിലേക്കു വീണ്ടും വരുന്നത്. ഒരിക്കലും വരില്ല. ഒരു കൃഷിക്കാരനാണെന്ന് അഭിമാനത്തോടെ പറയാൻ പറ്റുന്ന തരത്തിൽ അച്ഛനും അമ്മയും ഉണ്ടെങ്കിലേ ഇതിലേക്ക് എത്തുകയുള്ളൂ. ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നു നടപടിയുണ്ടാകണമെന്ന് അഭ്യർത്ഥനയുണ്ട്.

നമ്മൾ പച്ചക്കറി അധികം കഴിക്കുന്നില്ലെന്നും ഇവിടെ പറഞ്ഞു. ഇവിടത്തെ സ്ഥിതിവച്ച് പച്ചക്കറികൾ കഴിക്കാനും പേടിയാണ്. കാരണം വിഷമടിച്ച പച്ചക്കറികളാണ് ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിനു പുറത്തുനിന്നുള്ള പച്ചക്കറികളാണ് ഇവിടെ എത്തുന്നത്. അതിലേറെയും വിഷമടിച്ചവയുമാണ്.

അടുത്ത് പാലക്കാട്ട് ഒരിടത്ത് അരിമില്ലിൽ പോയപ്പോൾ ഒരു ബ്രാൻഡ് കണ്ട് ഇത് ഇവിടെ കാണാറില്ലല്ലോ എന്നു ചോദിച്ചു. അത് ഫസ്റ്റ് ക്വാളിറ്റി അരിയാണെന്നും പുറത്തേക്കു പോകുന്നതാണെന്നുമാണു അവർ പറഞ്ഞത്. കേരളത്തിലുള്ള നമ്മൾക്കാർക്കും ഫസ്റ്റ് ക്വാളിറ്റി കഴിക്കാനുള്ള യോഗ്യതയില്ലേ? നമ്മൾ അതു പൈസ കൊടുത്ത് മേടിക്കില്ലേ? ഇവിടെ ക്വാളിറ്റി ചെക്കിങ്ങില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. വിഷപ്പച്ചക്കറികളും സെക്കൻഡ് ക്വാളിറ്റിയും തേഡ് ക്വാളിറ്റിയും കഴിക്കേണ്ട ഗതികേടിലാണ് നമ്മളെന്നും ജയസൂര്യ കൂട്ടിച്ചേർത്തു.

Summary: 'Farmers go on hunger strike on the Thiruvonam day; We are forced to eat poisonous vegetables': Actor Jayasurya criticizes the Kerala ministers P Rajeev and P Prasad sharing the same stage

Similar Posts