വയനാടിനെ ചേര്‍ത്തുപിടിച്ച് മോഹന്‍ലാല്‍; ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നല്കി, ദുരന്തഭൂമി സന്ദര്‍ശിക്കുന്നു
|ക്യാമ്പുകളിൽ കഴിയുന്നവരെയും മോഹൻലാൽ കാണും
വയനാട്: ഉരുള്‍പൊട്ടലലില്‍ വിറങ്ങലിച്ചുനില്ക്കുന്ന വയനാടിനെ ചേര്‍ത്തുപിടിച്ച് നടന് മോഹന്‍ലാല്‍. ദുരന്തഭൂമിയില്‍ മോഹന്‍ലാല്‍ എത്തി. ലെഫ്റ്റനന്റ് കേണല്‍ കൂടിയായ മോഹന്‍ലാല്‍ മേപ്പാടി എത്തിയപ്പോള്‍ സൈന്യം സ്വീകരിച്ചു. സൈനിക യൂണിഫോമിലാണ് മോഹന്‍ലാല്‍ എത്തിയത്. തുടര്‍ന്ന് രക്ഷാപ്രവർത്തകരെ അഭിവാദ്യം ചെയ്യും. ക്യാമ്പുകളിൽ കഴിയുന്നവരെയും മോഹൻലാൽ കാണും.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 25 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. രക്ഷാപ്രവര്‍ത്തകരെ അഭിനന്ദിച്ച് താരം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച വൈകാരികമായ പോസ്റ്റും ശ്രദ്ധേ നേടിയിരുന്നു. ''വയനാട് ദുരന്തബാധിതർക്ക് ആശ്വാസം പകരാൻ പ്രവര്‍ത്തിക്കുന്ന നിസ്വാര്‍ഥരായ സന്നദ്ധപ്രവർത്തകർ, പൊലീസുകാർ, ഫയർ ആൻഡ് റെസ്ക്യൂ, എൻഡിആർഎഫ്, സൈനിക സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി അക്ഷീണം പ്രയത്നിക്കുന്ന ഓരോ വ്യക്തിയുടെയും ധൈര്യത്തെ സല്യൂട്ട് ചെയ്യുന്നു. ദുരിതാശ്വാസ ദൗത്യത്തിൽ മുന്നില്‍ നിന്ന എൻ്റെ 122 ഇൻഫൻട്രി ബറ്റാലിയൻ ടിഎ മദ്രാസിൻ്റെ പ്രയത്നങ്ങൾക്കും നന്ദി. നമ്മള് മുമ്പും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതൽ ശക്തരാകുകയും ചെയ്തിട്ടുണ്ട്. ഈ ദുഷ്കരമായ സമയത്ത് നമ്മൾ ഒറ്റക്കെട്ടായി നിൽക്കാനും നമ്മുടെ ഐക്യത്തിൻ്റെ ശക്തി കാണിക്കാനും ഞാൻ പ്രാർത്ഥിക്കുന്നു. ജയ് ഹിന്ദ്'' എന്നായിരുന്നു ലാലിന്റെ പോസ്റ്റ്.
മുണ്ടക്കൈ ദുരന്തത്തില്‍ ഇതുവരെ 344 പേരാണ് മരിച്ചത്. ഇന്നലെ 14 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. പടവെട്ടിക്കുന്നിൽ ഒറ്റപ്പെട്ട നാലുപേരെ രക്ഷപ്പെടുത്തുകയും ചെയ്തു. ഡൽഹിയിൽ നിന്ന് ഡ്രോൺ ബേസ്ഡ് റഡാർ ഇന്നെത്തും. 40 ടീമുകൾ ആറ് സോണുകളിലായി മുണ്ടക്കൈ, ചൂരൽമല മേഖലയിൽ തിരച്ചിൽ നടത്തും. സൈന്യം, എൻഡിആർഎഫ്, ഫയർഫോഴ്സ് ,നേവി കോസ്റ്റ് ഗാർഡ്, നേവി, ഉൾപ്പെടെയുള്ള സംയുക്ത സംഘം ഭാഗമാകും. ഡോഗ് സ്കോഡും തിരച്ചിലിനുണ്ട്. ചാലിയാറിലും ഇന്ന് തിരച്ചിൽ തുടരും. ഇതുവരെ 189 മൃതദേഹങ്ങളാണ് ചാലിയാറിൽ നിന്ന് കണ്ടെത്തിയത്.