നിവിൻ പോളിക്കെതിരായ പീഡനക്കേസ്; പ്രത്യേക സംഘം അന്വേഷണം തുടങ്ങി, അലൻസിയറിനെതിരെയും അന്വേഷണം
|പ്രാഥമിക വിവര ശേഖരണം പൂർത്തിയാക്കിയ ശേഷം നിവിൻ പോളി അടക്കമുള്ള പ്രതികളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം
കൊച്ചി: നടൻ നിവിൻ പോളിക്കെതിരായ പീഡനക്കേസിൽ അന്വേഷണം ആരംഭിച്ച് പൊലീസിന്‍റെ പ്രത്യേക സംഘം. പ്രാഥമിക വിവര ശേഖരണം പൂർത്തിയാക്കിയ ശേഷം നിവിൻ പോളി അടക്കമുള്ള പ്രതികളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. അതിനിടെ ചെങ്ങമനാട് പൊലീസ് രജിസ്റ്റർ ചെയ്ത അലൻസിയറിനെതിരായ ലൈംഗിക അതിക്രമ കേസും പ്രത്യേകസംഘം അന്വേഷിക്കും.
അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് ദുബൈയിലേക്ക് വിളിച്ചു വരുത്തിയ ശേഷം നടൻ നിവിൻ പോളി അടക്കമുള്ളവർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി എന്നായിരുന്നു നേര്യമംഗലം സ്വദേശിയായ യുവതിയുടെ പരാതി. ഇതിൽ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് സിനിമ മേഖലയിലെ ലൈംഗിക ആരോപണങ്ങൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ നിർദ്ദേശപ്രകാരം എറണാകുളം ഊന്നുകല്‍ പോലീസ്, നിവിൻ പൊളിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത്. പരാതിയിൽ ഉറച്ചു നിൽക്കുന്ന യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താനുള്ള നീക്കം അന്വേഷണസംഘം നടത്തുന്നുണ്ട്. തുടർന്ന് പ്രാഥമിക വിവര ശേഖരണം കൂടി പൂർത്തിയാക്കിയശേഷം ആയിരിക്കും നിവിൻ പോളി അടക്കമുള്ള പ്രതികൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകുക. കേസിൽ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കുന്നതും നിവിൻ പോളിയുടെ പരിഗണനയിലുണ്ട്. ഊന്നുകൽ പോലീസിനെ ചെയ്ത കേസിൽ ആറാം പ്രതിയാണ് നിവിൻ.
തൃശൂരിലെ നിർമാതാവ് എ കെ സുനിൽ രണ്ടാം പ്രതിയായ കേസിൽ ശ്രേയ, ബിനു, ബഷീർ, കുട്ടൻ എന്നിവരാണ് ഒന്നും മൂന്നും നാലും അഞ്ചും പ്രതികൾ. ബെംഗളൂരുവിൽ വച്ച് ലൈംഗിക അതിക്രമം കാട്ടി എന്ന യുവനടിയുടെ പരാതിയിൽ നടൻ അലൻസിയറിനെതിരെ ചെങ്ങമനാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലും പ്രത്യേക അന്വേഷണസംഘത്തിന്‍റെ തുടർനടപടികൾ ഉടൻ ഉണ്ടാകും.