സഹൃദയത്വവും സഹിഷ്ണുതയുമുള്ള നേതാവ്, ആര്‍ക്കും ഉമ്മന്‍ചാണ്ടിക്കരികില്‍ ഓടിയെത്താന്‍ കഴിയുമായിരുന്നു: രമേഷ് പിഷാരടി
|'തോല്‍വിയറിയാതെ വിജയിച്ച ആള്‍ക്കൂട്ടത്തിനിടയില്‍ ജീവിച്ച നേതാവ്'
തിരുവനന്തപുരം: എല്ലാവര്‍ക്കും പ്രിയങ്കരനായ നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് നടന്‍ രമേഷ് പിഷാരടി. രാഷ്ട്രീയ ഭേദമൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. സഹൃദയത്വവും സഹിഷ്ണുതയുമൊക്കെയുള്ള നേതാവാണ് അദ്ദേഹം. ആള്‍ക്കൂട്ടത്തിനിടയിലാണ് അദ്ദേഹത്തെ എപ്പോഴും കണ്ടിട്ടുള്ളത്. ഒട്ടും ഭയമില്ലാതെ അദ്ദേഹത്തിനടുത്ത് ഓടിയെത്താന്‍ എല്ലാവര്‍ക്കും കഴിയുമായിരുന്നുവെന്നും രമേഷ് പിഷാരടി പറഞ്ഞു.
അത്ഭുതപ്പെടുത്തുന്ന ജനക്കൂട്ടം എന്നും അദ്ദേഹത്തിനു ചുറ്റുമുണ്ടായിരുന്നു. തോല്‍വിയറിയാതെ വിജയിക്കുക എന്നു പറഞ്ഞാല്‍ എത്ര തലമുറ അദ്ദേഹത്തിന് വോട്ട് ചെയ്തിട്ടുണ്ടാവും. വലിയ ജനകീയമായിട്ടുള്ള വികസന പദ്ധതികള്‍ കൊണ്ടുവന്ന ജനകീയ നേതാവാണ് ഉമ്മന്‍ചാണ്ടിയെന്നും രമേഷ് പിഷാരടി പറഞ്ഞു.
ഇന്ന് രാവിലെയാണ് ഉമ്മന്‍ചാണ്ടിയുടെ മരണം സംഭവിച്ചത്. ചികിത്സാവശ്യാർത്ഥം ആറു മാസമായി ബംഗളൂരുവില്‍ തുടരുന്ന ഉമ്മൻചാണ്ടിക്ക് ഇന്ന് രാവിലെ ദേഹാസ്വാസ്ഥ്യമുണ്ടായി. തൊട്ടടുത്തുള്ള ചിൻമയ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലര്‍ച്ചെ നാലേകാലോടെ മരണം സംഭവിച്ചു. പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗത്തിനായി ബംഗളൂരുവിലുണ്ടായിരുന്ന കെ.സി വേണുഗോപാൽ, പി.കെ കുഞ്ഞാലിക്കുട്ടി, പി.ജെ ജോസഫ്, എൻ.കെ പ്രേമചന്ദ്രൻ തുടങ്ങിയവരെല്ലാം ആശുപത്രിയിലെത്തി.
മൃതദേഹം എംബാം ചെയ്ത ശേഷം ഒമ്പത് മണിയോടെ ബംഗളൂരുവിലെ ഇന്ദിരാനഗറിലെ വീട്ടിലെത്തിച്ചു. സോണിയാഗാന്ധി, രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. മലയാളികളടക്കം നൂറു കണക്കിന് പേർ ഉമ്മൻചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാനെത്തി. ഉച്ചയ്ക്ക് 2.30ഓടെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു. മറ്റന്നാളാണ് സംസ്കാരം