ശ്രീനാഥ് ഭാസി ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനു മുമ്പിൽ ഹാജരായി
|മരട് പൊലീസിനൊപ്പം തന്നെ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും അവതാരക പരാതി നല്‍കിയിരുന്നു.
കൊച്ചി: അഭിമുഖത്തിനിടെ ഓൺലൈൻ ചാനൽ അവതാരകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസി ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനു മുമ്പിൽ ഹാജരായി.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നടന്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍റെ കൊച്ചിയിലെ ഓഫീസില്‍ നടൻ ഹാജരായത്. ഇന്നലെ ചേര്‍ന്ന എക്‌സിക്യുട്ടീവ് യോഗത്തില്‍ ശ്രീനാഥ് ഭാസിയുടെ ഭാഗത്തുനിന്നുണ്ടായത് തെറ്റായ നടപടിയാണെന്ന വിലയിരുത്തലുണ്ടായിരുന്നു.
മരട് പൊലീസിനൊപ്പം തന്നെ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും അവതാരക പരാതി നല്‍കിയിരുന്നു. ഇതു പ്രകാരമാണ് നടനോട് ഹാജരാവാന്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടത്. ആന്റോ ജോസഫ്, രഞ്ജിത്ത് അടക്കമുള്ള ഭാരവാഹികള്‍ക്ക് മുന്നിലാണ് ശ്രീനാഥ് ഭാസി ഹാജരായത്.
ചട്ടമ്പി സിനിമയുടെ നിര്‍മാതാവിന്റെ കൂടി ആവശ്യം കൂടി പരിഗണിച്ചാണ് ശ്രീനാഥ് ഭാസിയില്‍ നിന്ന് വിശദീകരണം തേടാന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചത്. ഇതോടൊപ്പം പരാതിക്കാരിയോടും സിനിമാ നിര്‍മാതാവിനോടും പി.ആര്‍ ചുമതലയുള്ള ആളോടും ഹാജരാവാന്‍ നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ മറ്റു മൂന്നു പേര്‍ എത്തിയില്ല. വിശദീകരണം നല്‍കാന്‍ ശ്രീനാഥ് ഭാസി എത്തിയില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് പോവാനായിരുന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം.
നിലവില്‍ ശ്രീനാഥ് ഭാസി താരസംഘടനയായ എ.എം.എം.എയില്‍ അംഗമല്ല. അതിനാല്‍ അവര്‍ക്ക് ഇക്കാര്യത്തില്‍ ഇടപെടാനാവില്ല. അതേസമയം, മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ നടന്‍ തയാറായില്ല.
ഇതിനിടെ, അഭിമുഖം നടന്ന കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരെ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അവതാരകയുടെ മൊഴി രേഖപ്പെടുത്തിയ മരട് പോലീസ് ഇന്നലെ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്തിരുന്നു. മൂന്നര മണിക്കൂർ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി, തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്തിരുന്നു.