മാധ്യമപ്രവർത്തകയെ അസഭ്യം പറഞ്ഞ കേസ്: ശ്രീനാഥ് ഭാസി അറസ്റ്റിൽ
|രണ്ട് മണിയോടെയാണ് ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിന് ഹാജരായത്.
കൊച്ചി: ഓൺലൈൻ മാധ്യമപ്രവർത്തകയോട് അസഭ്യം പറഞ്ഞെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മരട് പൊലീസ് സ്റ്റേഷനിലാണ് നടൻ ചോദ്യം ചെയ്യലിന് ഹാജരായത്. അതേസമയം മാധ്യമപ്രവർത്തകയുടെ പരാതിയിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ശ്രീനാഥ് ഭാസിക്കും സിനിമയുടെ നിർമാതാവിനും കത്തയക്കും. നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ആവശ്യപ്പെടും.
രണ്ട് മണിയോടെയാണ് ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിന് ഹാജരായത്. രാവിലെ സ്‌റ്റേഷനിൽ ഹാജരാവാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ചില അസൗകര്യങ്ങളുണ്ടെന്ന് നടൻ വ്യക്തമാക്കുകയായിരുന്നു. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് നടനെതിരെ ചുമത്തിയിട്ടുള്ളത്. സ്ത്രീത്വത്തെ അപമാനിക്കൽ, പൊതുയിടത്ത് വച്ച് അസഭ്യം പറയൽ എന്നീ വകുപ്പകളടക്കം നാല് വകുപ്പുകൾ പ്രകാരമാണ് നടനെതിരെ പൊലീസ് കേസെടുത്തത്. കേസിൽ നടന്റെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാനാണ് സാധ്യത.
അഭിമുഖത്തിനിടെ അപമര്യാദയായി പെരുമാറിയെന്നാണ് മാധ്യമപ്രവർത്തകയുടെ പരാതി. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള അഭിമുഖത്തിനിടെയായിരുന്നു സംഭവം. പോലീസിന് പുറമേ വനിതാ കമ്മീഷനിലും അവതാരക പരാതി നൽകിയിട്ടുണ്ട്. അതേ സമയം, താൻ അവതാരകയെ തെറിവിളിച്ചിട്ടില്ലെന്നാണ് ശ്രീനാഥ് ഭാസി പറഞ്ഞത്. താൻ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോൾ സാധാരണ മനുഷ്യൻ എന്ന നിലയിൽ നടത്തിയ പ്രതികരണമാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു.