താനായിരുന്നു മുഖ്യമന്ത്രിയെങ്കിൽ കിറ്റെക്‌സ് പ്രശ്‌നം ഒരു ഫോൺവിളിയിൽ പരിഹരിച്ചേനെ: സുരഷ് ഗോപി
|"അതിജീവനത്തിന്റെ മാർഗം തേടി പോകുന്നതാണ്. തെലങ്കാനയിലേക്ക് പോയതിനെ കുറ്റം പറയാൻ ഒന്നും പറ്റില്ല"
കൊച്ചി: കിറ്റെക്സ് കേരളത്തിലെ പദ്ധതികൾ ഉപേക്ഷിച്ച് തെലങ്കാനയിലേക്ക് പോകുന്നതിനെ കുറ്റപ്പെടുത്താനാകില്ലെന്ന് ബി.ജെ.പി നേതാവ് സുരേഷ് ഗോപി. അതിജീവനത്തിന്റെ മാർഗം തേടിയാണ് സാബു എം. ജേക്കബ് പോയതെന്നും സുരേഷ് ഗോപി പറഞ്ഞു. താനായിരുന്നു മുഖ്യമന്ത്രിയെങ്കിൽ പ്രശ്‌നം അതിവേഗം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചാനൽ ഐയാം യൂട്യൂബ് ചാനലിനോടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
'അതിജീവനത്തിന്റെ മാർഗം തേടി പോകുന്നതാണ്. തെലങ്കാനയിലേക്ക് പോയതിനെ കുറ്റം പറയാൻ ഒന്നും പറ്റില്ല. നമുക്ക് എല്ലാവർക്കും നല്ലതായി വന്ന ഒന്നിനെ എന്തിനാണ് നശിപ്പിച്ചതെന്ന് ആളുകൾ ചിന്തിക്കും. കേവലമായ രാഷ്ട്രീയക്കളിയാണ് കാരണം. ആരുടെയൊക്കേയോ അഹങ്കാരമൊക്കെയാണ് അതിന് വഴി തെളിയിച്ചത്. അപ്പോൾ കുടുംബം പണയം വെച്ച് ഇൻവെസ്റ്റ് ചെയ്യാൻ നിൽക്കുന്ന ആൾക്ക് ആ അഹങ്കാരത്തെ മറികടക്കാൻ പോന്ന കൗണ്ടർ ഓപറേഷൻ വേണ്ടി വരും. അതാണ് അദ്ദേഹം ചെയ്തത്'- സുരേഷ് ഗോപി പറഞ്ഞു.
പ്രശ്‌നം അതിവേഗം പരിഹരിക്കുകയായിരുന്നു വേണ്ടത് എന്നും നടൻ ചൂണ്ടിക്കാട്ടി. 'ഞാൻ ശ്രീ പിണറായി വിജയനാണ് എങ്കിൽ- അദ്ദേഹത്തെ മൈൻഡ് സെറ്റൊക്കെ വ്യത്യസ്തമായിരിക്കാം. ഞാൻ അതിനെ ചോദ്യം ചെയ്യുന്നുമില്ല- സെക്രട്ടറിയുടെ അടുത്തു വിളിച്ചു പറഞ്ഞു, കിറ്റക്‌സ് സാബുവല്ലേ, ഉടനെ എന്റെ ഓഫീസിലേക്ക് വരൂ എന്ന് പറയും. സങ്കൽപ്പിച്ചു നോക്കൂ. എന്ത് സംഭവിക്കും. ജഡ്ജാവാനുള്ള അധികാരമുണ്ട് മുഖ്യമന്ത്രിക്ക്. കിറ്റെക്‌സ് സാബു എന്ത് പറഞ്ഞു, അതെല്ലാം ഫാക്ട് ആയി എടുക്കേണ്ട. ഡാറ്റയായി എടുക്കാം. കിറ്റെക്‌സ് സാബു എന്തൊക്കെയാണ് അപകടം എന്നു പറഞ്ഞത് അതു ജനറലൈസ് ചെയ്ത് എല്ലാ ഇൻഡസ്ട്രിയുടെയും ഒരു സാൻവിച്ചാണ് ഇദ്ദേഹം പറഞ്ഞത് എന്നു വിചാരിക്കുക. ഉദ്യോഗസ്ഥരെ വിളിച്ചിരുത്തി, ഇതുപോലെ സംസാരിച്ച് ഇതിനകത്ത് എന്താണ് അപകടം പറ്റിയത് എന്ന് നോക്കി ശിക്ഷാ രൂപത്തിൽ പറഞ്ഞുവിട്ടേക്കണം' - സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
ജനങ്ങളുടെ ശമ്പളം വാങ്ങുന്ന ഒരുത്തനും കുത്സിതം കളിക്കാനുള്ള തട്ടകമാകരുത് സർക്കാരും സർക്കാർ ഓഫീസുകളെന്നും സുരേഷ് ഗോപി പറഞ്ഞു.