'കാത്തിരിക്കാൻ വയ്യ'; ഇന്ത്യയുടെ പേരുമാറ്റത്തിൽ ഉണ്ണി മുകുന്ദൻ
|'മേരാ ഭാരത്' എന്ന കുറിപ്പും ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്
രാജ്യത്തിന്റെ പേര് ഇന്ത്യയെന്ന് മാറ്റി ഭാരതം എന്നാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ മുഴുവന്‍. ഇപ്പോഴിതാ ഈ നീക്കത്തെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. 'കാത്തിരിക്കാൻ വയ്യ' എന്നാണ് ഉണ്ണിമുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചത്.
'ഇന്ത്യയുടെ പേര് ഭാരതം എന്നാക്കിയേക്കാം' എന്ന വാർത്തയുടെ സ്‌ക്രീൻ ഷോട്ട് പങ്കുവെച്ചായിരുന്നു പോസ്റ്റ്. 'മേരാ ഭാരത്' എന്ന കുറിപ്പും ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.ഉണ്ണിമുകുന്ദനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
നേരത്തെ ഈ നീക്കത്തെ അനുകൂലിച്ചുകൊണ്ട് ബോളിവുഡ് താരം അമിതാഭ് ബച്ചൻ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ് തുടങ്ങിയവർ രംഗത്തെത്തിയിരുന്നു.അമിതാഭ് ബച്ചൻ ഹിന്ദിയിൽ ഭാരത് മാതാ കീ ജയ് എന്ന് എന്നാണ് എക്‌സിൽ പങ്കുവെച്ചത്.
ടീം ഇന്ത്യയുടെ ലോകകപ്പ് ജഴ്‌സിയിൽ ഇന്ത്യ എന്നതിന് പകരം ഭാരത് എന്നെഴുതണമെന്ന ആവശ്യമാണ് വീരേന്ദർ സെവാഗ് മുന്നോട്ട് വെച്ചത്. ഇന്ത്യ ബ്രിട്ടീഷുകാർ നൽകിയ പേരാണെന്നും അദ്ദേഹം ആരോപിച്ചു.
'പേര് നമ്മുടെ ഉള്ളിൽ അഭിമാനം നിറയ്ക്കുന്നതാകണം എന്നു ഞാൻ വിശ്വസിക്കുന്നു. നമ്മൾ ഭാരതീയരാണ്. ബ്രിട്ടീഷുകാർ നൽകിയ പേരാണ് ഇന്ത്യ. ഭാരത് എന്ന പേര് ഔദ്യോഗികമായി തിരിച്ചുകിട്ടാൻ കാലതാമസമുണ്ടായി. ലോകകപ്പിൽ നമ്മുടെ കളിക്കാരുടെ നെഞ്ചത്ത് (ജഴ്‌സിയിൽ) ഭാരത് എന്നുണ്ടാകാൻ ഉറപ്പുവരുത്തണമെന്ന് ബിസിസിഐയോടും ജയ് ഷായോടും അഭ്യർത്ഥിക്കുന്നു' - സെവാഗ് എക്‌സിൽ ( ട്വിറ്റർ) കുറിച്ചു.
സെപ്തംബർ 18 മുതൽ 22 വരെ നടക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ഇന്ത്യയുടെ പേര് ഭാരത് എന്നാക്കുന്ന ബിൽ കൊണ്ടുവരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.