Kerala
Actor vinayakans phone to be sent for forensic examination
Kerala

ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച കേസ്; വിനായകന്റെ ഫോൺ ഇന്ന് ഫോറൻസിക് പരിശോധനക്ക് അയയ്ക്കും

Web Desk
|
23 July 2023 2:46 AM GMT

ഉമ്മൻചാണ്ടിയെ അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് വിനായകൻ പൊലീസിന് നൽകിയ മൊഴി

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച കേസിൽ നടൻ വിനായകനിൽ നിന്ന് പിടിച്ചെടുത്ത ഫോൺ ഇന്ന് ഫോറൻസിക് പരിശോധനക്ക് അയയ്ക്കും. ഈ ഫോണിൽ നിന്നാണ് വിനായകൻ ഉമ്മൻ ചാണ്ടിക്കെതിരായ വീഡിയോ എടുത്തത്. ഇന്നലെയാണ് വിനായകൻ്റെ ഫ്ളാറ്റിൽ നിന്ന് എറണാകുളം നോർത്ത് പൊലീസ് ഫോൺ പിടിച്ചെടുത്തത്.

കേസുമായി ബന്ധപ്പെട്ട് വിനായകൻ്റെ മൊഴിയും ഇന്നലെ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഉമ്മൻചാണ്ടിയെ അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് വിനായകൻ പൊലീസിന് നൽകിയ മൊഴി.

കോൺഗ്രസ് നേതാവിന്റെ പരാതിയിൽ എറണാകുളം കസബ പൊലീസാണ് വിനായകനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. മൃതദേഹത്തോട് അനാദരവ് കാണിക്കൽ, സമൂഹമാധ്യമങ്ങളിലുടെ അപകീർത്തികരമായ പ്രചാരണം എന്നി വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയിട്ടുള്ളത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണിവ. സംഭവത്തിൽ പ്രതിഷേധിച്ച് വിനായകന്റെ ഫ്‌ലാറ്റിലേക്ക് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയിരുന്നു.

ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് വിനായകൻ ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചത്. 'ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി' എന്നായിരുന്നു പരാമർശം. സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമുയർന്നതിനെ തുടർന്ന് നടൻ പോസ്റ്റ് പിൻവലിച്ചിരുന്നു.

Similar Posts