Kerala
നടിയെ അക്രമിച്ച കേസ്: സാക്ഷിവിസ്താരത്തിന് 10 ദിവസം കൂടി അനുവദിച്ചു
Kerala

നടിയെ അക്രമിച്ച കേസ്: സാക്ഷിവിസ്താരത്തിന് 10 ദിവസം കൂടി അനുവദിച്ചു

Web Desk
|
25 Jan 2022 10:58 AM GMT

പ്രോസിക്യൂഷന്‍റെ ആവശ്യപ്രകാരമാണ് കോടതിയുടെ നടപടി.

നടിയെ അക്രമിച്ച കേസില്‍ സാക്ഷിവിസ്താരത്തിന് 10 ദിവസം കൂടി അനുവദിച്ചു. ഹൈക്കോടതിയാണ് സമയം നീട്ടിനല്‍കിയത്. പ്രോസിക്യൂഷന്‍റെ ആവശ്യപ്രകാരമാണ് കോടതിയുടെ നടപടി.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനെയും മറ്റു പ്രതികളെയും മൂന്നാം ദിവസവും ചോദ്യംചെയ്യുകയാണ്. എഡിജിപി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിലാണ് ചോദ്യംചെയ്യൽ.

ദിലീപിനെയും ഗൂഢാലോചന കേസിലെ മറ്റു പ്രതികളെയും ചോദ്യംചെയ്യാൻ ഹൈക്കോടതി നൽകിയ സമയപരിധി ഇന്ന് രാത്രി 8 മണിക്ക് അവസാനിക്കും. അന്വേഷണത്തോട് ദിലീപ് പൂർണമായും സഹകരിക്കുന്നുണ്ട് എന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറയുന്നത്. ഇതിനിടെ ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ വ്യാസൻ ഇടവനക്കാടിനെയും മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി. കഴിഞ്ഞ ഒരു വർഷത്തിനിടെ ദിലീപ് ഏറ്റവുമധികം തവണ ഫോണിൽ സംസാരിച്ചത് വ്യാസനുമായാണ് എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിളിപ്പിച്ചത്.

ഇന്നലെ ദിലീപിന്റെ ശബ്ദം തിരിച്ചറിയാനായി സംവിധായകൻ റാഫിയെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തിയിരുന്നു. ഉച്ചയോടെ ക്രൈംബ്രാഞ്ച് എഡിജിപി ശ്രീജിത്തും ഐജി ഗോപേഷ് അഗർവാളും കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തി അന്വേഷണ പുരോഗതി വിലയിരുത്തി. ഇന്ന് ചോദ്യംചെയ്യൽ പൂർത്തിയാക്കി വ്യാഴാഴ്ച ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണം. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടിയാകും ദിലീപിന്റെ മുൻകൂർ ജാമ്യഹരജി വിധി പറയുക.

Similar Posts