Kerala
നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങൾ പരിശോധിച്ച സമയത്തിലും പൊരുത്തക്കേട്
Kerala

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങൾ പരിശോധിച്ച സമയത്തിലും പൊരുത്തക്കേട്

Web Desk
|
14 July 2022 10:28 AM GMT

കോടതി അനുമതിയെത്തുടർന്ന് 2021 ജൂലൈ 19 ന് വിചാരണക്കോടതയിൽ വെച്ച് ദൃശ്യങ്ങൾ കണ്ടത് പെൻഡ്രൈവിലാണെന്ന വാദമാണ് ഒന്നാം പ്രതി പൾസർ സുനിയുടെ അഭിഭാഷകൻ മുന്നോട്ട് വെക്കുന്നത്

കൊച്ചി: നടിയെ അക്രമിച്ച ദൃശ്യങ്ങൾ പരിശോധിച്ച സമയത്തിലും പൊരുത്തക്കേട്. പൾസർ സുനിയുടെ അഭിഭാഷകൻ കോടതി മുറിക്കുള്ളിൽവെച്ച് പെൻഡ്രൈവിൽ ദൃശ്യങ്ങൾ കണ്ടത് 2021 ജൂലൈ 19 ന് വൈകിട്ട് മൂന്ന് മണിക്കാണ്. മെമ്മറി കാർഡ് വിവോ ഫോണിലിട്ട് ദൃശ്യങ്ങൾ കണ്ടത് ഉച്ചക്ക്12.19 മുതൽ 12.54 വരെയുള്ള സമയത്താണെന്നാണ് ഫോറൻസിക് റിപ്പോർട്ടിലുള്ളത്. പൾസർ സുനിയുടെ അഭിഭാഷകൻ കോടതിയിൽ നൽകിയ മെമ്മോയുടെ പകർപ്പ് പുറത്ത് വന്നു.

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ ദുരൂഹത വർധിക്കുകയാണ്. കോടതി അനുമതിയെത്തുടർന്ന് 2021 ജൂലൈ 19 ന് വിചാരണക്കോടതയിൽ വെച്ച് ദൃശ്യങ്ങൾ കണ്ടത് പെൻഡ്രൈവിലാണെന്ന വാദമാണ് ഒന്നാം പ്രതി പൾസർ സുനിയുടെ അഭിഭാഷകൻ മുന്നോട്ട് വെക്കുന്നത്. മൂന്ന് കോടതികളിൽ വെച്ചും ആരാണ് ദൃശ്യങ്ങൾ കണ്ടെതെന്നാണ് ഇനി അറിയേണ്ടത്. നടിയെ ആക്രമിച്ച കേസിൽ കോടതിയാവശ്യങ്ങൾക്കായി ദൃശ്യങ്ങൾ മറ്റൊരു പെൻഡ്രൈവിലേക്ക് മാറ്റിയിരുന്നെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. സുപ്രീം കോടതി നിർദേശത്തെ തുടർന്നാണ് ദൃശ്യങ്ങളുടെ ക്‌ളോൺഡ് കോപ്പി തയ്യാറാക്കിയത്. ഈ പെൻഡ്രൈവ് ഉപയോഗിച്ചാണ് വിസ്താര വേളയിലടക്കം ദൃശ്യങ്ങൾ അടച്ചിട്ട കോടതി മുറിയിൽ പ്രദർശിപ്പിച്ചത്.

പ്രതികളുടെ അഭിഭാഷകർ പലപ്പോഴായി കണ്ടതും ഈ പെൻഡ്രൈവിലെ ദൃശ്യങ്ങളാണ്. സുപ്രധാന മെമ്മറി കാർഡ് സുരക്ഷിതമായി സൂക്ഷിക്കുന്നതിനായിരുന്നു ഇത്. എന്നാൽ ഇന്നലെ പുറത്തുവന്ന ഫോറൻസിക് റിപ്പോർട്ടിൽ 2021 ജൂലൈ 19ന് വിചാരണക്കോടതിയുടെ പക്കലിലിരിക്കെ ഈ മെമ്മറി കാർഡ് ഒരു വിവോ ഫോണിലിട്ട് ആരോ കണ്ടിട്ടുണ്ട്. ഉച്ചയ്ക്ക് 12.19 മുതൽ 12.54 വരെയാണ് മെമ്മറി കാർഡ് മൊബൈൽ ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.

ഒന്നാം പ്രതി പൾസർ സുനിയുടെ അഭിഭാഷകൻ കോടതിയിൽ അപേക്ഷ നൽകി ഈ ദൃശ്യങ്ങൾ പരിശോധിച്ചതും ഇതേ ദിവസം തന്നെയാണ്. എന്നാൽ അന്നേദിവസം വൈകിട്ട് 3 മണിക്ക് ഈ പെൻഡ്രൈവ് കോടതിയിലെ ലാപ് ടോപ്പിൽ ഘടിപ്പിച്ചാണ് ഈ ദൃശ്യങ്ങൾ കണ്ടതെന്നാണ് പൾസർ സുനിയുടെ അഭിഭാഷകനും പറയുന്നത്.


Similar Posts