Kerala
നടിയെ ആക്രമിച്ച കേസ്: കാവ്യ മാധവനെ ആലുവ പൊലീസ് ക്ലബിൽ ചോദ്യം ചെയ്യില്ല
Kerala

നടിയെ ആക്രമിച്ച കേസ്: കാവ്യ മാധവനെ ആലുവ പൊലീസ് ക്ലബിൽ ചോദ്യം ചെയ്യില്ല

Web Desk
|
9 April 2022 1:03 AM GMT

സാക്ഷിയായ സ്ത്രീകളെ പൊലീസ് സ്‌റ്റേഷനിൽ വിളിപ്പിക്കരുതെന്ന ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യ മാധവനെ ചോദ്യം ചെയ്യുന്നത് ആലുവ പൊലീസ് ക്ലബിലാകില്ല. ചോദ്യം ചെയ്യാൻ ഉചിതമായ സ്ഥലം അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം നോട്ടീസ് അയച്ചിരിക്കുന്നത്. നാളെ വൈകുന്നേരത്തിന് മുൻപ് എവിടെവച്ച് കാണാൻ സാധിക്കുമെന്ന് അറിയിക്കണം. സാക്ഷിയായ സ്ത്രീകളെ പൊലീസ് സ്‌റ്റേഷനിൽ വിളിപ്പിക്കരുതെന്ന ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

കേസിൽ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ കാവ്യ മാധവന് നോട്ടീസ് നൽകിയിരുന്നു. ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിന്റെ ഫോണിൽനിന്ന് ലഭിച്ച നിർണായകമായ ശബ്ദരേഖയുടെ അടിസ്ഥാനത്തിലാണ് കാവ്യയെ ഉടൻ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണസംഘം നേരത്തെ കാവ്യയ്ക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ നാട്ടിലില്ലാത്തതിനാൽ സാവകാശം വേണമെന്ന മറുപടിയാണ് അന്നു ലഭിച്ചത്.

പുതുതായി ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കാവ്യയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ചോദ്യംചെയ്യലിന് സൗകര്യം തേടിയപ്പോൾ ചെന്നൈയിലാണെന്ന് കാവ്യ മറുപടി നൽകിയിരുന്നു. അടുത്തയാഴ്ച നാട്ടിൽ തിരികെയെത്തുമെന്ന് അറിയിച്ചതായും പ്രോസിക്യൂഷൻ പറഞ്ഞു.

'കാവ്യയെ കുടുക്കാനുള്ള പണിയായിരുന്നു, അത് ചേട്ടൻ കയറി ഏറ്റുപിടിച്ചു'

നിർണായകമായ ഡിജിറ്റൽ തെളിവുകളാണ് പ്രോസിക്യൂഷന് ലഭിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. ഇതിൽ സുരാജിന്റെ ഫോണിൽനിന്ന് ലഭിച്ചതാണ് ശബ്ദരേഖകൾ. ഇതിൽ നിർണായകമായ ടെലഫോൺ സംഭാഷണങ്ങൾ അടക്കം പ്രോസിക്യൂഷൻ കണ്ടെത്തിയിട്ടുണ്ട്.

സുരാജ് ദിലീപിന്റെ സുഹൃത്തായ ശരത്തുമായി നടത്തിയ സംഭാഷണത്തിൽ കാവ്യയുടെ പങ്കിനെക്കുറിച്ച് സംസാരിക്കുന്നുണ്ടെന്നാണ് അറിയുന്നത്. കാവ്യയെ കുടുക്കാൻ വേണ്ടിയുള്ള പണിയായിരുന്നു, അത് ചേട്ടൻ കയറി ഏറ്റുപിടിച്ചതാണെന്നടക്കം ഇതിൽ സുരാജ് ശരത്തിനോട് പറയുന്നുണ്ട്. കാവ്യയെ കുടുക്കാൻ വേണ്ടി കൂട്ടുകാരികൾ കൊടുത്ത പണിക്ക് തിരിച്ചുകൊടുത്ത പണിയാണ് ഇത് എന്ന നിലയ്ക്കുള്ള സംഭാഷണവും പുറത്തായിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കാവ്യയ്ക്ക് കൃത്യമായി ബോധ്യമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ ശബ്ദരേഖകളെന്നാണ് അന്വേഷണസംഘം കണക്കുകൂട്ടന്നത്.

ഈ ശബ്ദരേഖകൾ അന്വേഷണസംഘം ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ സാക്ഷിയാണ് കാവ്യ. കാവ്യയുടെ സാക്ഷിവിസ്താരം നേരത്തെ പൂർത്തിയാക്കിയിരുന്നതാണ്. എന്നാൽ, സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് കാവ്യയ്ക്ക് കുരുക്കുമുറുക്കുന്ന തരത്തിൽ പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്നത്.

Summary: Kavya Madhavan will not be questioned at Aluva Police Club in Actress assault case

Similar Posts