നടിയെ ആക്രമിച്ച കേസ്; സെഷൻസ് കോടതി പരിഗണിക്കരുതെന്ന് പ്രോസിക്യൂഷനും നടിയും
|ജഡ്ജി ഹണി എം. വർഗീസിന് മുന്നിൽ ഇരുകൂട്ടരും അപേക്ഷ സമർപ്പിച്ചു
എറണാകുളം: നടിയെആക്രമിച്ച കേസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കരുതെന്ന ആവശ്യവുമായി പ്രോസിക്യൂഷനും നടിയും. ഇത് സംബന്ധിച്ച് ജഡ്ജി ഹണി എം. വർഗീസിന് മുന്നിൽ ഇരുകൂട്ടരും അപേക്ഷ സമർപ്പിച്ചു.
സി.ബി.ഐ കോടതിക്കാണ് കേസ് നടത്താൻ ഹൈക്കോടതി അനുമതി നൽകിയിരുന്നത്. ജോലിഭാരം കാരണം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കേസ് കൈമാറാൻ കഴിയില്ലെന്ന് ഹൈക്കോടതി നിലപാടെടുത്തതും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കേസ് ഫയൽ ഏത് കോടതിയുടെ അധികാരപരിധിയിലാണെന്ന് തീരുമാനിക്കണമെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ അജകുമാർ ഹരജിയിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പ്രതികളുടെ നിലപാടറിയിക്കാന്‍ സമയം നല്കിയ കോടതി കേസ് 11ാം തീയതിയിലേക്ക് മാറ്റി.
എറണാകുളം സെഷൻസ് കോടതിയിൽ കേസിന്റെ വിചാരണ ഇന്ന് ആരംഭിക്കാനിരുന്നതാണ്. നിലവിൽ വിചാരണ നടത്തിയ സി.ബി.ഐ പ്രത്യേക ജഡ്ജിയായിരുന്ന ഹണി എം.വർഗീസ് സ്ഥാനക്കയറ്റം ലഭിച്ച് സെഷൻസ് ജഡ്ജിയായതിനെ തുടർന്നായിരുന്നു കോടതി മാറ്റം. സെഷൻസ് കോടതിയിലേക്ക് കേസ് മാറ്റരുതെന്നാവശ്യപ്പെട്ട് നടി ഹൈക്കോടതിയിൽ അപേക്ഷ നൽകിയെങ്കിലും അനുവദിച്ചിരുന്നില്ല.