നടിയെ ആക്രമിച്ച കേസ്: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു
|കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതി ഇന്ന് അനുമതി നല്‍കിയിരുന്നു
നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. എ.ഡി.ജി.പി ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് കേസ് അന്വേഷിക്കുക. നിലവിലെ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ ബൈജു പൗലോസും സംഘത്തിലുണ്ട്. ക്രൈം ബ്രാഞ്ച് ഐ.ജി കെ.പി ഫിലിപ്പും സംഘത്തിന്‍റെ ഭാഗമാണ്. കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതി ഇന്ന് അനുമതി നല്‍കിയിരുന്നു. പൊലീസ് ആവശ്യം എറണാകുളം സി.ജെ.എം കോടതിയാണ് അംഗീകരിച്ചത്.
പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിചാരണ കോടതി ഈ മാസം 20 വരെയാണ് അന്വേഷണ സംഘത്തിന് സമയം അനുവദിച്ചിട്ടുള്ളത്. ബാലചന്ദ്രകുമാറിന്‍റെ കൈവശമുള്ള പ്രാഥമിക തെളിവുകള്‍ വിചാരണ കോടതിക്ക് അന്വേഷണ സംഘം നിലവില്‍ കൈമാറി കഴിഞ്ഞു. രഹസ്യമൊഴി രേഖപ്പെടുത്തിയതിന് ശേഷമായിരിക്കും കേസിലെ എട്ടാം പ്രതിയായ ദിലീപ്, സഹോദരന്‍ അനുപ്, സഹോദരി ഭര്‍ത്താവ് സുരജ്, ഒന്നാം പ്രതി പള്‍സര്‍ സുനി എന്നിവരെ ചോദ്യം ചെയ്യുക. ജയിലിലുള്ള പള്‍സര്‍ സുനിയെ ചോദ്യം ചെയ്യുന്നതിനായി കോടതിയുടെ അനുമതി തേടും. മറ്റുള്ളവര്‍ക്ക് ഉടന്‍ നോട്ടീസ് നല്‍കും.