നടിയെ ആക്രമിച്ച കേസ്: വീണ്ടും റിപ്പോർട്ട് സമർപ്പിക്കണമെന്ന് വിചാരണാക്കോടതിക്ക് സുപ്രിംകോടതി നിർദേശം
|വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണെമന്നും കോടതി നിർദ്ദേശിച്ചു
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വീണ്ടും റിപ്പോർട്ട് സമർപ്പിക്കാൻ വിചാരണക്കോടതിക്ക് നിർദ്ദേശം നൽകി സുപ്രിംകോടതി. ആറാഴ്ചക്ക് ശേഷം റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം. വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണെമന്നും കോടതി നിർദ്ദേശിച്ചു.
കേസിലെ പുതുക്കിയ വിചാരണ റിപ്പോർട്ട് ഇന്ന് കോടതി പരിഗണിച്ചിരുന്നു. വിചാരണയുടെ പുരോഗതിയും നടപടികളും അറിയിക്കണമെന്ന് സുപ്രിംകോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് പുതുക്കിയ വിചാരണ റിപ്പോർട്ട് സമർപ്പിച്ചത്. ഇതിൽ സംതൃപ്തി രേഖപ്പെടുത്തിയ ശേഷമാണ് അടുത്ത വിചാരണാ നടപടി ഡിസംബർ 14ന് സമർപ്പിക്കാൻ സുപ്രിംകോടതി വീണ്ടും നിർദ്ദേശം നൽകിയിരിക്കുന്നത്.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ വിചാരണ നടപടികൾ നീണ്ടുപോവുകയാണെന്നും ഇത് സമയബന്ധിതമായി പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ട് എട്ടാം പ്രതിയായ ദിലീപ് ഹരജി നൽകിയിരുന്നു. വിചാരണ നടപടികൾ നീണ്ടുപോകാതിരിക്കാൻ കേസിൽ ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുതെന്നും ദിലീപ് സുപ്രിംകോടതിയോട് ആവശ്യപ്പെട്ടിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥർ, പ്രോസിക്യൂഷൻ, അതിജീവിത എന്നിവർ വിചാരണ പൂർത്തിയാക്കി വിധി പറയാൻ വിചാരണ കോടതി ജഡ്ജിയെ തടസപ്പെടുത്തുന്നുവെന്നാണ് ആരോപണം. തന്റെ മുൻ ഭാര്യയും ഒരു ഉന്നത പൊലീസ് ഓഫീസറും തന്നെ കേസിൽ പെടുത്തിയതിന് ഉത്തരവാദിയാണ്. ഈ പൊലീസ് ഓഫീസർ നിലവിൽ ഡി.ജി.പി. റാങ്കിൽ ആണെന്നും സുപ്രിം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന അപേക്ഷയിൽ ദിലീപ് ആരോപിച്ചിട്ടുണ്ട്. ഇതിനിടെ വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട് അതിജീവിതയുംസുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് സുപ്രിംകോടതിയുടെ പുതിയ നിർദ്ദേശം.