നടിയെ ആക്രമിച്ച കേസ്; വസ്തുതാന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഹരജി ഹൈക്കോടതിയിൽ
|ഐജി റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥന് അന്വേഷണ ചുമതല നൽകണമെന്നും ഹരജിയിൽ ആവശ്യമുണ്ട്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ഉൾപ്പെടുന്ന മെമ്മറി കാർഡ് ചോർന്നതിൽ ജില്ലാ ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അതിജീവിത നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജില്ലാ ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോർട്ട് സഹപ്രവർത്തകരെ സംരക്ഷിക്കാനുള്ളതാണെന്നും തെളിവുകൾ കസ്റ്റഡിയിലെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് പോലും അയക്കാതെ മൊഴി അതേപടി വിശ്വസിച്ച് റിപ്പോർട്ട് തയ്യാറാക്കിയെന്നുമാണ് ആരോപണം.
ഐജി റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥന് അന്വേഷണ ചുമതല നൽകണമെന്നും ഹരജിയിൽ ആവശ്യമുണ്ട്. അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ്, ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി സീനിയർ ക്ലർക്ക് മഹേഷ് മോഹൻ, ശിരസ്ദാർ താജുദ്ദീൻ എന്നിവരാണ് മെമ്മറികാർഡ് പരിശോധിച്ചതെന്നാണ് ജഡ്ജിയുടെ റിപ്പോർട്ട്.
കേസിൽ മെമ്മറി കാർഡ് ചോർന്നതിലെ അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മൂന്ന് തവണയായി മെമ്മറികാർഡ് അനധികൃതമായി പരിശോധിച്ചതായി കണ്ടെത്തി . അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പിഎ മഹേഷ്, വിചാരണ കോടതി ശിരസ്തദാർ താജുദ്ദീൻ എന്നിവരാണ് മെമ്മറി കാർഡ് പരിശോധിച്ചത്. 2018 ഡിസംബർ 13 ന് ജില്ലാ ജഡ്ജിയുടെ പിഎ മഹേഷ് മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ചുവെന്നുമാണ് കണ്ടെത്തൽ.