നടിയെ അക്രമിച്ച കേസ്; പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന ജിൻസൻ്റെ ശബ്ദ സാമ്പിൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു
|ജിൻസനോട് ബാലചന്ദ്രകുമാറിനെ ദിലീപിന് ഒപ്പം കണ്ടിട്ടുണ്ടെന്ന് പൾസർ സുനി ഫോണിൽ വിളിച്ച് പറഞ്ഞിരുന്നു
നടിയെ അക്രമിച്ച കേസിൽ പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന ജിൻസൻ്റെ ശബ്ദ സാമ്പിൾ ക്രൈം ബ്രാഞ്ച് ശേഖരിച്ചു. പൾസർ സുനിയുമായി ജിൻസൻ നടത്തിയ ഫോൺ സംഭാഷണത്തിൻ്റെ ആധികാരികത ഉറപ്പിക്കുന്നതിനായാണ് ശബ്ദ സാമ്പിൾ ശേഖരിച്ചത്. ജിൻസനോട് ബാലചന്ദ്രകുമാറിനെ ദിലീപിന് ഒപ്പം കണ്ടിട്ടുണ്ടെന്ന് പൾസർ സുനി ഫോണിൽ വിളിച്ച് പറഞ്ഞിരുന്നു.
അതെ സമയം കേസില്‍ ഗൂഢാലോചന നടന്നുവെന്ന് കരുതുന്ന സ്വിഫ്റ്റ് കാർ ദിലീപിന്റെ വീട്ടിൽ നിന്ന് മാറ്റാൻ ക്രൈംബ്രാഞ്ച് ശ്രമം തുടങ്ങി. കസ്റ്റഡിയിൽ എടുത്തെങ്കിലും ദിലീപിന്റെ ആലുവയിലെ പത്മ സരോവരം വീട്ടിൽ തന്നെയാണ് സിഫ്റ്റ് കാർ ഉള്ളത്. കാറിന്റെ രണ്ടു ടയര്‍ പഞ്ചറാണ്. ബാറ്ററിയില്ല. മെക്കാനിക്കിനെ കൊണ്ടുവന്ന് കാര്‍ പരിശോധിക്കും. ശേഷം കെട്ടിവലിച്ച് കൊണ്ടുപോകാനാണ് ആലോചന. ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കാര്‍ മാറ്റാനാണ് ശ്രമം.
കൂടാതെ ദിലീപിന്റെ സഹോദരൻ അനൂപിനെയും സഹോദരീഭർത്താവ് സുരാജിനെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണസംഘം. അടുത്ത ദിവസങ്ങളിൽ തന്നെ ഇരുവരേയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. നടിയെ ആക്രമിച്ചെന്ന ആദ്യ കേസിന്റെ ഗൂഢാലോചനയിൽ പങ്കുള്ളവരാണ് ദീലിപിന്റെ സഹോദരൻ അനൂപും, സഹോദരീ ഭർത്താവ് സുരാജുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.
കേസിൽ ദിലീപിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇരുവരെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. ഇന്നല്ലെങ്കിൽ തിങ്കളാഴ്ച ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് സൂചന. ആലുവ പൊലീസ് ക്ലബ്ബിലായിരിക്കും ചോദ്യം ചെയ്യൽ. ക്രൈംബ്രാഞ്ച് എസ്.പി സോജൻ, ഡി.വൈ.എസ്.പി ബൈജു പൗലോസ്, എ.ഡി.ജി.പി എസ്. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാകും ചോദ്യം ചെയ്യൽ. അനൂപും സുരാജും അസൗകര്യം അറിയിച്ചതിനാലാണ് ചോദ്യം ചെയ്യൽ നീണ്ടുപോയത്.