'കോടതിയെ കബളിപ്പിക്കേണ്ട'; നടിയെ ആക്രമിച്ച കേസിൽ അന്വേഷണോദ്യോഗസ്ഥന് രൂക്ഷ വിമർശനം
|അന്വേഷണോദ്യോഗസ്ഥൻ കോടതി നടപടിക്രമങ്ങളിൽ പങ്കെടുക്കാതെ പുറത്ത് കറങ്ങി നടക്കുകയാണ്. കോടതിയിലെ രഹസ്യരേഖകൾ കീഴ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ചോർത്തുകയാണെന്നും കോടതി വിമർശിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥന് വിചാരണ കോടതിയുടെ അതിരൂക്ഷ വിമർശനം. ഉദ്യോഗസ്ഥന് പ്രത്യേക താൽപര്യങ്ങളുണ്ടെന്നും കോടതിയെ കബിളിപ്പിക്കാൻ ശ്രമിക്കരുതെന്നും വിചാരണ കോടതി മുന്നറിയിപ്പ് നൽകി. അന്വേഷണോദ്യോഗസ്ഥന്‍ കോടതി നടപടിക്രമങ്ങളിൽ പങ്കെടുക്കാതെ പുറത്ത് കറങ്ങി നടക്കുകയാണ്. കോടതിയിലെ രഹസ്യരേഖകൾ കീഴ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ചോർത്തുകയാണെന്നും കോടതി വിമര്‍ശിച്ചു. ഇന്ന് വിചാരണ നടപടികളുടെ ഭാഗമായി ഹരജി പരിഗണിക്കവേയാണ് സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസിന്‍റെ വിമര്‍ശനം. കോടതി നടപടികൾ പാലിക്കണമെന്ന് ഉദ്യോഗസ്ഥന് കോടതി മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ഇതിനിടെ വിചാരണ നടത്തുന്ന ജഡ്ജി മാറണമെന്നാവർത്തിച്ച് പ്രോസിക്യൂഷനും അതിജീവിതയും ഇന്നും കോടതിയില്‍ നിലപാടെടുത്തു. കേസ് നേരത്തെ പരിഗണിച്ചുകൊണ്ടിരുന്ന പ്രത്യേക സി.ബി.ഐ കോടതിയിലേക്ക് തന്നെ മാറ്റണം. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് കേസ് ജഡ്ജിക്ക് സ്ഥാനക്കയറ്റം ലഭിച്ചപ്പോള്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്. ഇത് ഭാവിയിൽ ചിലപ്പോൾ കേസിനെ ദോഷകരമായി ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
എന്നാല്‍, ജഡ്ജി മാറണമെന്ന ആവശ്യത്തെ പ്രതിഭാഗം എതിര്‍ത്തു. ഹൈക്കോടതിയുടെ നിർദേശത്തെ കീഴ്ക്കോടതിയിൽ ചോദ്യം ചെയ്യാനാവില്ല. ഹൈക്കോടതിയാണ് കേസ് സെഷന്‍സ് കോടതി പരിഗണിക്കാന്‍ നിര്‍ദേശം നല്‍കിയതെന്നും പ്രതിഭാഗം അറിയിച്ചു. ഒന്നാം പ്രതി പൾസർ സുനിയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് നാളെ റിപ്പോർട്ട് നൽകാൻ ജയിൽ അധികൃതരോട് കോടതി നിർദേശിച്ചിട്ടുണ്ട്. കേസ് ഈ മാസം 19ന് വീണ്ടും പരിഗണിക്കും. അതേസമയം, ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി ദിലീപിന് നോട്ടിസയച്ചു. ദിലീപ് തെളിവുകള്‍ നശിപ്പിക്കുകയും സാക്ഷികളെ സ്വാധീനിക്കുകയും ചെയ്തുവെന്നാണ് പരാതി.