നടിയെ ആക്രമിച്ച കേസ്; വിചാരണ പൂർത്തിയാക്കാൻ ജനുവരി 31 വരെ സമയം അനുവദിച്ചു
|വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ ആറു മാസം കൂടി സമയം തേടി ജഡ്‍ജി ഹണി എം.വർഗീസ് സമർപ്പിച്ച ഹരജിയിലാണ് നടപടി
ഡല്‍ഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ജനുവരി 31 വരെ സുപ്രിംകോടതി സമയം അനുവദിച്ചു. വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ ആറു മാസം കൂടി സമയം തേടി ജഡ്‍ജി ഹണി എം.വർഗീസ് സമർപ്പിച്ച ഹരജിയിലാണ് നടപടി. സമയബന്ധിതമായി വിചാരണ പൂർത്തിയാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. വിചാരണയുടെ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് നാലാഴ്ചയ്ക്കകം നൽകണം. വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ കോടതിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് പ്രതിയായ ദിലീപ് നൽകിയ ഹരജിയും സുപ്രിംകോടതി ഇതോടൊപ്പം പരിഗണിച്ചിരുന്നു.
സർക്കാരും പരാതിക്കാരിയും കേസ് നടപടികൾ നീട്ടിക്കൊണ്ടു പോകുകയാണെന്ന് ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചെങ്കിലും ഈ വിഷയത്തിൽ സുപ്രിംകോടതി ഇടപെട്ടില്ല. ജസ്റ്റിസ് ദിനേശ് മഹേശ്വരിയും ജസ്റ്റിസ് ബേല എം.ത്രിവേദിയും ഉൾപ്പെട്ട ബെഞ്ച് ആണ് ഹരജികൾ പരിഗണിച്ചത്.