ഈ ശിക്ഷ താൻ അനുഭവിക്കേണ്ടതല്ലെന്ന് ദീലീപ്; സുഹൃത്തുമായി സംസാരിക്കുന്ന ഓഡിയോ പുറത്ത്
|ക്രൈബ്രാഞ്ച് ഫോറൻസിക് പരിശോധനക്ക് ശബ്ദരേഖ അയച്ചു. ബാലചന്ദ്രകുമാർ റെക്കോഡ് ചെയ്ത സംഭാഷണമാണ് പുറത്തായത്.
കൊച്ചി: ദിലീപ് സുഹൃത്ത് ബൈജുവും സംസാരിക്കുന്ന ഓഡിയോ പുറത്ത് . ഈ ശിക്ഷ താൻ അനുഭവിക്കേണ്ടതല്ലെന്ന് ദീലീപ് പറയുന്ന ഓഡിയോ ആണ് പരുറത്തായത്. വേറെ പെണ്ണ് അനുഭവിക്കേണ്ടതാണെന്നും അവരെ രക്ഷിച്ചുകൊണ്ടുപോന്നതാണെന്നും ദിലീപ് പറയുന്നുണ്ട്. ശബ്ദരരേഖ വ്യാജമെന്നായിരുന്നു ദിലീപ് ചോദ്യം ചെയ്യലിൽ പറഞ്ഞത്. ക്രൈബ്രാഞ്ച് ഫോറൻസിക് പരിശോധനക്ക് ശബ്ദരേഖ അയച്ചു. ബാലചന്ദ്രകുമാർ റെക്കോഡ് ചെയ്ത സംഭാഷണമാണ് പുറത്തായത്.
മൂന്ന് ശബ്ദരേഖകളാണ് നിർണായക തെളിവുകളെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചത്. കേസിന്റെ തുടരന്വേഷണം മൂന്നു മാസംകൂടി നീട്ടിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് ടെലഫോൺ സംഭാഷണങ്ങളുടെ ശബ്ദരേഖയുള്ളത്. ദിലീപും അഭിഭാഷകനും തമ്മിലുള്ള ഫോൺസംഭാഷണം സഹോദരി ഭർത്താവ് സുരാജിന്റെ ഫോണിൽനിന്നാണ് വിളിച്ചിട്ടുള്ളത്. ഫോണിൽ സംസാരിക്കുന്നത് ദിലീപാണെന്ന് വ്യക്തമാണെന്ന് അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു.
സുജേഷ് മേനോനും ദിലീപും തമ്മിലുള്ള ടെലഫോൺ സംഭാഷണത്തിൽ ഓടുന്ന വാഹനത്തിൽ നടിയെ ആക്രമിക്കുന്നതിന്റെ വിശദാംശങ്ങൾ ദിലീപ് അഭിഭാഷകനുമായി പങ്കുവയ്ക്കുന്നുണ്ട്. ദിലീപിന്റെ കൈവശം ആക്രമണത്തിന്റെ മെമ്മറി കാർഡുണ്ടെന്നതിന്റെ തെളിവായാണ് പ്രോസിക്യൂഷൻ ഈ സംഭാഷണം കോടതിയിൽ സമർപ്പിച്ചത്. അഭിഭാഷകനോട് ദിലീപ് ദൃശ്യങ്ങളുടെ വിശദാംശങ്ങൾ സംസാരിക്കുന്നുണ്ട്. ദിലീപിന്റെ കൈവശം എങ്ങനെ മെമ്മറി കാർഡ് എത്തിയെന്ന് ചോദിച്ച പ്രോസിക്യൂഷൻ ഈ ശബ്ദരേഖ കേസിൽ നിർണായകമാണെന്നും വാദിക്കുന്നു.
സഹോദരി ഭർത്താവ് സുരാജ് ആലുവയിലെ ആശുപത്രിയിലുള്ള ഡോ. ഹൈദരലിയുമായി സംസാരിക്കുന്ന സംഭാഷണമാണ് അന്വേഷണസംഘം സമർപ്പിച്ച മറ്റൊരു ശബ്ദരേഖ. കേസിൽ ആദ്യം പ്രോസിക്യൂഷൻ സാക്ഷിയായിരുന്ന ഹൈദരലി പിന്നീട് കൂറുമാറുകയായിരുന്നു. സാക്ഷിയെ സ്വാധീനിച്ചതിനുശേഷമാണ് കൂറുമാറിയതെന്ന് തെളിയിക്കാനാണ് പ്രോസിക്യൂഷൻ ഈ ശബ്ദരേഖ ഹാജരാക്കിയത്. നടിയെ ആക്രമിക്കുമ്പോൾ ദിലീപ് ആശുപത്രിയിൽ അഡ്മിറ്റായിരുന്നുവെന്ന രീതിയിലുള്ള മൊഴി നൽകണമെന്നാണ് ഈ സംഭാഷണത്തിൽ പറയുന്നത്.
ദിലീപിന്റെ സുഹൃത്ത് ശരത്തും സുരാജും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്ന മറ്റൊരു ശബ്ദരേഖ. സുരാജിന്റെ ഫോണിൽനിന്ന് ലഭിച്ചതാണ് ഇത്. കാവ്യ കൂട്ടുകാരിക്ക് കൊടുത്ത പണിയാണിത്, കാവ്യയ്ക്കു വേണ്ടിയിട്ടാണ് ദിലീപ് ഈ കുറ്റം ഏറ്റെടുത്തതെന്ന് സംഭാഷണത്തിൽ പറയുന്നുണ്ട്. കാവ്യയെ കുടുക്കാൻ വേണ്ടി കൂട്ടുകാരികൾ കൊടുത്ത പണിക്ക് തിരിച്ചുകൊടുത്ത പണിയാണ് ഇത് എന്ന നിലയ്ക്കുള്ള സംഭാഷണവും പുറത്തായിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കാവ്യയ്ക്ക് കൃത്യമായി ബോധ്യമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ ശബ്ദരേഖകളെന്നാണ് അന്വേഷണസംഘം കണക്കുകൂട്ടുന്നത്.