നടിയെ ആക്രമിച്ച കേസ്: അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെടാനൊരുങ്ങി പൊലീസ്
|കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹരജിയിൽ കഴിഞ്ഞ ദിവസം സർക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നു.
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണം പൂർത്തിയാക്കാൻ സമയം നീട്ടി ചോദിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. അന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സമയം അവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് കോടതിയെ സമീപിക്കും. തെളിവുകൾ ശേഖരിക്കാൻ കൂടുതൽ സമയം ആവശ്യമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും. ഹൈക്കോടതിയിലാണ് ക്രൈംബ്രാഞ്ച് ഹരജി നൽകുക.
അതേസമയം, കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹരജിയിൽ കഴിഞ്ഞ ദിവസം സർക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നു. കേസന്വേഷണം പാതിവഴിയിൽ അവസാനിപ്പിക്കാനായി ഭരണ തലത്തിൽ നിന്നും രാഷ്ട്രീയ ഇടപെടൽ ഉണ്ടാകുന്നുവെന്നതടക്കം സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയാണ് അതിജീവിതയുടെ ഹർജി. കേസിൽ കുറ്റപത്രം നൽകുന്നത് തടയണമെന്നും അതിജീവിത ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ, ഹരജിയിലെ ആക്ഷേപങ്ങൾ തെറ്റാണെന്നാണ് സർക്കാർ വാദം. കൂടാതെ കേസിനെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്നും അന്വേഷണം സംബന്ധിച്ചുള്ള നടിയുടെ ഭീതിഅനാവശ്യമാണെന്നുമാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം കോടതിയെ അറിയIച്ചത്. ജസ്റ്റിസ് സിയാദ് റഹ്മാന്റെ സിംഗിൾ ബഞ്ചാണ് ഹർജി പരിഗണിക്കുക.
അതിനിടെ തന്റെ ഹരജി രാഷ്ട്രീയ വിവാദമായതോടെ അതിജീവിത കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. തുടരന്വേഷണം അവസാനിപ്പിക്കരുതെന്നും കേസ് അട്ടിമറിക്കാൻ ശ്രമിച്ചവർക്കെതിരെ നടപടി വേണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ നടി ആവശ്യപ്പെട്ടു. എത്ര ഉന്നതനായാലും നടപടി ഉണ്ടാകുമെന്ന് അതിജീവിതയ്ക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകി.