'വിവാഹം കഴിഞ്ഞ് ഒരു മാസത്തിനകം പ്രശ്നങ്ങള്‍ തുടങ്ങി': ഷഹനയുടെ ഭര്‍ത്താവിനെതിരെ ബന്ധുക്കളുടെ മൊഴി
|ബന്ധുക്കളെ കാണാൻ ഭർത്താവ് സജ്ജാദ് ഷഹനയെ അനുവദിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ മൊഴി നൽകി
കാസര്‍കോട്: നടിയും മോഡലുമായ ഷഹനയുടെ മരണത്തിൽ അന്വേഷണ സംഘം ബന്ധുക്കളുടെ മൊഴിയെടുത്തു. കാസർകോട് ചീമേനി ചെമ്പ്രകാനത്തെ വീട്ടിലെത്തിയാണ് ഉമ്മ ഉമൈബ, സഹോദരൻ ബിലാൽ എന്നിവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയത്.
ബന്ധുക്കളെ കാണാൻ ഭർത്താവ് സജ്ജാദ് ഷഹനയെ അനുവദിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ മൊഴി നൽകി. വിവാഹം കഴിച്ച് ഒരു മാസത്തിനകം തന്നെ പ്രശ്നം തുടങ്ങിയതായും ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജ് എ.സി.പി കെ സുദർശന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കാസർകോട് എത്തിയത്.
ഷഹനയെ കോഴിക്കോട്ടെ വാടക വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജനലഴിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. പറമ്പിൽ ബസാർ സ്വദേശിയായ ഭർത്താവ് സജ്ജാദിനെ അറസ്റ്റ് ചെയ്തു. ഒന്നര വർഷം മുൻപാണ് സജ്ജാദും ഷഹനയും തമ്മിൽ വിവാഹം നടന്നത്. ഇരുവരും ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പറമ്പിൽബസാറിൽ വീട് വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു.
ഷഹനയുടെ മരണം ആത്മഹത്യ ആകാമെന്ന നിഗമനത്തിലാണ് ഫോറന്‍സിക് സംഘം. പറമ്പിൽ ബസാറിലെ മുറിയിൽ വിദഗ്ധ സംഘം പരിശോധന നടത്തി. ഷഹനയുടെ ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നു. സജ്ജാദും ഷഹനയും തമ്മിൽ മരണത്തിനു തൊട്ടുമുമ്പ് പിടിവലി നടന്നിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം.