നടി ശരണ്യ അന്തരിച്ചു
|തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദം ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു.
നടി ശരണ്യ ശശി അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദം ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു. ട്യൂമറിനെ തുടര്‍ന്ന് ഒമ്പത് തവണ ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. തുടര്‍ചികിത്സക്ക് തയ്യാറെടുക്കുന്നതിനിടെ ശരണ്യക്കും അമ്മക്കും കോവിഡ് ബാധിച്ചു. തുടര്‍ന്ന് ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാവുകയായിരുന്നു.
മെയ് 23നാണ് ശരണ്യയെ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്റര്‍ ഐ.സി.യുവിലേക്ക് മാറ്റി. ജൂണ്‍ 10ന് നെഗറ്റീവ് ആയതിനെ തുടര്‍ന്ന് മുറിയിലേക്ക് മാറ്റിയെങ്കിലും അന്ന് രാത്രി തന്നെ പനികൂടി വെന്റിലേറ്റര്‍ ഐ.സി.യുവിലേക്ക് മാറ്റിയിരുന്നു. പിന്നീട് ആരോഗ്യസ്ഥിതി കൂടുതല്‍ ഗുരുതരമായതിനെ തുടര്‍ന്നാണ് അന്ത്യം.
2012ലാണ് ശരണ്യക്ക് ട്യൂമര്‍ സ്ഥിരീകരിക്കുന്നത്. നിരവധി തവണ ശസ്ത്രക്രിയക്ക് വിധേയയായ ശരണ്യ ആത്മവിശ്വാസം കൊണ്ട് മാത്രമാണ് ഇത്രയും നാള്‍ പിടിച്ചുനിന്നത്. തുടര്‍ച്ചയായ ചികിത്സമൂലം സാമ്പത്തികമായി തകര്‍ന്ന അവര്‍ക്ക് സിനിമ-സീരിയല്‍ മേഖലയില്‍ ഉള്ളവരും സമൂഹമാധ്യമ ഗ്രൂപ്പുകളും ചേര്‍ന്ന് വീട് നിര്‍മിച്ചു നല്‍കുകയും സാമ്പത്തിക സഹായങ്ങള്‍ ചെയ്യുകയും ചെയ്തിരുന്നു.
'ചാക്കോ രണ്ടാമന്‍' എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്തെത്തിയത്. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ മാര്‍ച്ച് 12 തുടങ്ങിയ സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയലുകളിലൂടെയാണ് ശരണ്യ ഏറെ ശ്രദ്ധ നേടിയത്.