'ഡോക്ടറുടെ നന്മ എല്ലാവർക്കും അനുഭവിക്കാനുള്ള ഭാഗ്യമുണ്ടാകട്ടെ'; മോൻസന് ജന്മദിനാശംസ നേർന്ന് നടി ശ്രുതിലക്ഷ്മി- വീഡിയോ
|മോന്‍സന്‍റെ കലൂരിലെ വീട്ടിലെ ജന്മദിനാഘോഷത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്
പുരാവസ്തു വില്‍പനക്കാരനായി ചമഞ്ഞ് കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന് ജന്മദിനാശംസകള്‍ നേർന്ന് സംസാരിക്കുന്ന നടി ശ്രുതിലക്ഷ്മിയുടെ വിഡിയോ പുറത്ത്. മോന്‍സന്‍റെ കലൂരിലെ വീട്ടിലെ ജന്മദിനാഘോഷത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. നടന്‍ ബാലയും മോന്‍സന് ആശംസകള്‍ നേര്‍ന്ന് സംസാരിക്കുന്നുണ്ട്.
"നമുക്കെല്ലാവര്‍ക്കും ഓരോ പിറന്നാളിനും വയസ് കൂടി വരികയാണ്. ഡോക്ടര്‍ക്ക് വയസ് കുറഞ്ഞു കുറഞ്ഞുവരട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു. ഡോക്ടറുടെ നന്മ എല്ലാവർക്കും അനുഭവിക്കാനുള്ള ഭാഗ്യമുണ്ടാകട്ടെ, ദൈവത്തോട് പ്രാര്‍ഥിക്കുന്നു. ഹാപ്പി ബര്‍ത്ത്ഡേ" - ശ്രുതിലക്ഷ്മി മോന്‍സന് ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ട് പറഞ്ഞു.
നടന്‍ ബാലയും മറ്റു ചിലരും മോൻസന് ജന്മദിനാശംസകള്‍ നേർന്ന് സംസാരിക്കുന്നത് വിഡിയോയില്‍ കാണാം.
"ഇന്നലെ ലാലേട്ടന്‍റെ ജന്മദിനം ആയിരുന്നു. ഇന്ന് ഡോക്ടറുടേയും. എല്ലാവര്‍ക്കും ഒരു മത്സരം കാഴ്ച വെച്ചുകൊണ്ടിരിക്കുകയാണ് ഡോക്ടര്‍. ഒരു പുതിയ പടത്തില്‍ അഭിനയിക്കാന്‍ പോകുകയാണെന്നും നിങ്ങളെല്ലാവരും ഓടാന്‍ പോവുകയാണെന്നും ഇന്നലെ എന്നോട് പറഞ്ഞു. എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ"- ആശംസകള്‍ അറിയിച്ചുകൊണ്ട് കൊണ്ട് ബാല പറഞ്ഞു.
ജീവിതത്തില്‍ എന്ത് പ്രശ്നങ്ങള്‍ ഉണ്ടായാലും ഡോക്ടറെ വിളിച്ചാല്‍ പരിഹാരം കിട്ടുമെന്നാണ് തന്‍റെ അമ്മ പറയാറുള്ളത്. ഡോക്ടര്‍ക്ക് സമ്മാനമായി കൊടുക്കാന്‍ ഈ ലോകത്ത് ഒന്നുമില്ലെന്നും കാരണം അദ്ദേഹത്തിന്‍റെ കൈവശമില്ലാത്തതായി ഒന്നുമില്ലെന്നും ബാല പറയുന്നു.
പുരാവസ്തു വില്‍പനക്കാരനായി ചമഞ്ഞ് കോടികള്‍ തട്ടിയ മോന്‍സണ്‍ മാവുങ്കലിനെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഓരോ നിമിഷവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മോഹന്‍ലാലിനു പുറമെ ചലച്ചിത്രമേഖലയില്‍നിന്ന് ടോവിനോ തോമസ്, നവ്യാ നായര്‍, മംമ്ത മോഹന്‍ദാസ്, ശ്രീനിവാസന്‍, പേളി മാണി തുടങ്ങി നിരവധി പേര്‍ക്കൊപ്പമുള്ള ഇയാളുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
മോൻസനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പരാതിക്കാരിൽ നിന്ന് വാങ്ങിയ പണം എവിടെയാണ് നിക്ഷേപിച്ചതെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. മോൺസണെതിരെ കൂടുതൽ സാക്ഷികൾ ഇന്ന് മൊഴി നൽകും. അതിവിദഗ്ധമായാണ് മോൺസൺ തട്ടിപ്പു നടത്തിയത് എന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ. ഇയാളെ ചേർത്തലയിലെ വീട്ടിലെത്തിച്ചു ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും.
അതിനിടെ മോൻസന്‍റെ കൈവശമുള്ള വസ്തുക്കൾ വ്യാജമെന്ന് പുരാവസ്തു വകുപ്പും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സ്ഥിരീകരിച്ചു . ഇതിന്‍റെ വിവരങ്ങൾ ക്രൈംബ്രാഞ്ചിന് കൈമാറി.