കോഴിക്കോട് മാളിൽ യുവനടിമാരെ ആക്രമിച്ച കേസ്: അന്വേഷണം വിപുലമാക്കി പൊലീസ്
|സുരക്ഷ ഒരുക്കുന്നതിൽ സംഘാടകർക്ക് വീഴ്ചയുണ്ടായതായാണ് വിലയിരുത്തൽ
കോഴിക്കോട്: കോഴിക്കോട് മാളിൽ യുവ നടിമാർക്ക് നേരയുണ്ടായ ലൈംഗികാതിക്രമ കേസിൽ അന്വേഷണം വിപുലമാക്കി പൊലീസ്. അന്വേഷണത്തിനായി സൈബർ വിദഗ്ധരടങ്ങിയ 11 അംഗ സംഘത്തെ നിയോഗിച്ചു.
നടമിരാരുടെ വിശദമായ മൊഴി പൊലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. രണ്ട് കേസുകളായാണ് അന്വേഷണം പുരോഗമിക്കുന്നത്. ഫറൂഖ് എസിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ സൈബർ ഡോം വിദഗ്ധരും സൈബർ സെൽ ഉദ്യോഗസ്ഥരുമുണ്ട്.
മാളിലുള്ള സിസിടിവി ഫൂട്ടേജ് തന്നെയാണ് കേസിലെ നിർണായക തെളിവ്. ഈ ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി സംഭവം നടന്നതിന്റെ പിറ്റേ ദിവസം തന്നെ ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘം മാളിലെത്തി ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനയാണ് ഇനി നടക്കാനുള്ളത്. ദൃശ്യങ്ങളിൽ പലതും ദൂരെ നിന്നുള്ളവയായത് കൊണ്ട് തന്നെ ഇവയ്ക്ക് ശാസ്ത്രീയ പരിശോധന അനിവാര്യമാണെന്ന നിഗമനത്തിലാണ് പൊലീസ്.
ഇത്രയധികം ജനങ്ങൾ ഒത്തുകൂടിയ പരിപാടിയിൽ മതിയായ സുരക്ഷ ഒരുക്കാൻ സംഘാടകർക്ക് കഴിഞ്ഞില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ മാളിലെത്തി ജീവനക്കാരെ അന്വേഷണസംഘം ചോദ്യം ചെയ്യും. ശേഖരിച്ച എല്ലാ ദൃശ്യങ്ങളും ഹാജരാക്കാൻ സംഘാടകസമിതിക്ക് പൊലീസിന്റെ നിർദേശമുണ്ട്. മാളിലെ 200ഓളം സിസിടിവികളിൽ നിന്നുള്ള ദൃശ്യങ്ങൾ പൊലീസ് നേരത്തേ ശേഖരിച്ചിരുന്നു.